ആൺ അഹന്തക്കെതിരെ പൊരുതിയ കെ.ആർ ഗൗരി ആണെന്റെ ഹീറോ; ഫാത്തിമ തെഹ്‌ലിയ

എം.എസ്.എഫ് നേതാക്കൾക്കെതിരെ പരാതി നൽകിയതിന് പിന്നാലെ ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിച്ച മുസ്ലീം ​ലീ​ഗ് നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്‌ലിയ.

ഈ.എം.എസ് അല്ല, പാർട്ടിയിലെ പെണ്ണുങ്ങൾ തന്റെ ചൊൽപ്പടിക്ക് നിൽക്കണമെന്ന ഈ.എം.എസിന്റെ ആൺ അഹന്തക്കെതിരെ പൊരുതിയ കെ.ആർ ഗൗരി ആണെന്റെ ഹീറോ- എന്ന് ഫാത്തിമ തെഹ്‌ലിയ ഫെയ്സ്ബുക്കിൽ കുറിച്ചു.

എന്നാൽ ഫാത്തിമ തെഹ്‌ലിയ ഉദ്ദേശിച്ചത് ലീ​ഗ് നേതൃത്വത്തിനെ ആണെന്ന് പറഞ്ഞ് നിരവധി പേർ രം​ഗത്തെത്തി. ലീ​ഗ് നേതൃത്വത്തിനെ പിന്തുണച്ചും ഫാത്തിമ തെഹ്‌ലിയ വിമർശിച്ചുള്ളതുമാണ് കമ്മന്റുകൾ മിക്കതും.

അതേസമയം പ്രശ്‌നം പരിഹരിക്കാന്‍ ലീഗ് മുന്‍കൈയെടുത്തു നടത്തുന്ന ചര്‍ച്ചയില്‍ ഹരിത നേതാക്കള്‍ പരാതി പിൻവലിക്കാൻ തയ്യാറാവാതെ വന്നതോടെയാണ് സംസ്ഥാന കമ്മിറ്റിയെ മരവിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് ലീഗ് എത്തിയത്.

ഹരിത ഭാരവാഹികള്‍ ആരോപണമുന്നയിച്ച എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി.എ വഹാബ് എന്നിവരോട് രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടിണ്ട്.

പരാതി പിന്‍വലിച്ചാല്‍ നടപടിയെ കുറിച്ച് ആലോചിക്കാമെന്ന് ലീഗും നടപടിയെടുത്താല്‍ പരാതി പിന്‍വലിക്കാമെന്ന നിലപാടില്‍ ഹരിതയും ഉറച്ച് നിന്നതോടെയാണ് കമ്മിറ്റി മരവിപ്പിക്കാന്‍ ലീഗില്‍ ധാരണയായത്.