മൂന്ന് മണിക്കൂറത്തെ പരിശ്രമം, കോഴിക്കോട് വസ്ത്രശാലയിലെ തീയണച്ചു; ദുരൂഹതയെന്ന് മേയര്‍

കോഴിക്കോട് നഗരത്തില്‍ കല്ലായി റോഡില്‍ സ്ഥിതി ചെയ്യുന്ന ജയലക്ഷ്മി സില്‍ക്ക്സിന്റെ കെട്ടിടത്തിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയം. രാവിലെ ആറു മണിയോടെ ഉണ്ടായ തീപിടിത്തം മൂന്നു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ അണച്ചതായി ജില്ലാ ഫയര്‍ ഓഫിസര്‍ അറിയിച്ചു. ഏഴ് യൂണിറ്റ് അഗ്‌നിരക്ഷാസേനയാണ് സ്ഥലത്തെത്തി തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണു തീപിടിത്തത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം.

തീപിടിത്തത്തില്‍ ദുരൂഹതയുണ്ടെന്ന് കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് പ്രതികരിച്ചു. എന്നാല്‍, സംഭവത്തില്‍ ദുരൂഹതയില്ലെന്നു ജയലക്ഷ്മി സില്‍ക്‌സ് അറിയിച്ചു. ഏറ്റവും മുകളിലെ നിലയിലെ ഗോഡൗണിനാണ് തീ പിടിച്ചത്. വിഷു, പെരുന്നാള്‍ കാലമായതിനാല്‍ വന്‍ സ്റ്റോക്ക് ഉള്ളിലുണ്ടെന്നു സെക്യൂരിറ്റി ജീവനക്കാര്‍ പറഞ്ഞു.

രാവിലെ കട തുറക്കുന്നതിനു മുന്‍പു തീപിടിത്തമുണ്ടായതിനാല്‍ ആളപായമില്ല. അകത്ത് ജീവനക്കാരുമില്ലായിരുന്നു. കടയ്ക്കകത്ത് തുണിയും പ്ലാസ്റ്റിക് കവറും പോലുള്ള വസ്തുക്കള്‍ ഉള്ളതാണ് തീ പടര്‍ന്നു പിടിക്കാന്‍ കാരണം.

പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ടു കാറുകള്‍ കത്തി നശിച്ചു. കടയുടെ ചുറ്റുമുണ്ടായിരുന്ന ഫ്‌ലക്‌സുകള്‍ ഉരുകി താഴേയ്ക്ക് ഒലിച്ചതാണ് കാറുകള്‍ക്ക് തീപിടിക്കാനുള്ള കാരണമെന്നാണ് നിഗമനം.