രാജ്യത്ത് പട്ടിണിപ്പാവങ്ങളുടെ എണ്ണം വര്‍ധിച്ചു, 2025ൽ കേരളം ദരിദ്രരില്ലാത്ത സംസ്ഥാനമാകും:മുഖ്യമന്ത്രി

2025 നവംബർ ഒന്നിന് പരമ ദരിദ്രരില്ലാത്ത  സംസ്ഥാനമായി കേരളം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയിലെ ഏറ്റവും കുറവ് ദരിദ്രരുള്ളത് കേരളത്തിലാണെന്നും അതിന് കാരണം ഇടതു ഭരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ബിജെപി രാജ്യം ഭരിക്കാൻ തുടങ്ങിയതോടെ രാജ്യത്ത് പട്ടിണിപ്പാവങ്ങളുടെ എണ്ണം വര്‍ധിച്ചുവെന്നും പിണറായി കുറ്റപ്പെടുത്തി.

ഇന്ത്യയെ ദരിദ്ര്യ രാജ്യങ്ങളുടെ പട്ടികയിലേക്കെത്തിച്ചത് ബിജെപി സ‍ര്‍ക്കാരാണ്. വാഗ്ദാനം ചെയ്ത പല കാര്യങ്ങളും അധികാരത്തിലെത്തിയ ശേഷം സർക്കാർ നടപ്പാക്കിയില്ല. അക്കാര്യത്തിൽ കേരളം മുന്നിലാണ്. വരുന്ന വർഷം കേരളത്തിൽ ദരിദ്രരായി ആരും ഉണ്ടാകില്ല. കേരളം പരമ ദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം രാഹുൽഗാന്ധിയെ തെരഞ്ഞെടുത്തവർ നാടിൻറെ ശബ്ദം പ്രകടിപ്പിച്ചില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വന്യജീവി സംഘർഷം  പരിഹരിക്കാൻ കേന്ദ്ര ഗവൺമെൻറ് കൂടി സഹായിക്കണം. ഇതിനായി യുഡിഎഫ് എംപിമാർ ഒന്നും ചെയ്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട്ടിൽ രാഹുൽഗാന്ധി മത്സരിച്ചപ്പോൾ വിജയിച്ചാൽ പ്രധാനമന്ത്രിയാകുമെന്നായിരുന്നു കോൺഗ്രസിൻറെ വാദം. അതിനായി കോൺഗ്രസിന്റെ അംഗബലം കൂട്ടണമെന്നായിരുന്നു പ്രചാരണം. ഏകീകൃത വ്യക്തി നിയമത്തെ എതിർക്കാൻ പോലും കേരളത്തിലെ യുഡിഎഫ് എംപിമാർക്ക് കഴിഞ്ഞില്ല.

അന്വേഷണ ഏജൻസികളെ വിട്ട് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളെ ബിജെപി കസ്റ്റഡിയിലെടുക്കുന്നതിലും കോൺഗ്രസ് മൗനം പാലിക്കുകയാണ്. കോൺഗ്രസിനെ വേട്ടയാടിയപ്പോൾ മാത്രമാണ് കോൺഗ്രസ് പ്രതിഷേധിക്കുന്നത്. കോൺഗ്രസ് ഇതര പാർട്ടികൾക്കെതിരെയാണ് നടപടിയെങ്കിൽ കോൺഗ്രസ് ബിജെപിക്കൊപ്പമാണ്. അരവിന്ദ് കേജരിവാളിന്റെ കേസ് തന്നെ ഇതിനുദാഹരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.