' കേരള സവാരി' കേരളത്തിന്റെ സ്വന്തം ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസ് നാളെ മുതല്‍

കേരളത്തിന്റെ സ്വന്തം ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ ‘കേരള സവാരി’ നാളെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസാണിത്. തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡാണ് സര്‍വീസ് ആരംഭിക്കുന്നത്.

നാളെ മുതല്‍ ‘കേരള സവാരി’ നിരത്തിലിറങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. കേരള സവാരി ആപ്പ് നാളെ ഉച്ചയോടെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാകും. കേരള സവാരി ഉടന്‍ തന്നെ ആപ്പ് സ്റ്റോറിലും ലഭ്യമാക്കും. മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളെ പോലെ കേരള സവാരിയില്‍ നിരക്കുകളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുകയില്ല. തിരക്കേറിയ സമയങ്ങളില്‍ ടാക്‌സി നിരക്കുകളില്‍ മാറ്റമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിനൊപ്പം എട്ട് ശതമാനം സര്‍വീസ് ചാര്‍ജ് മാത്രമേ കേരള സവാരി ഈടാക്കുകയുള്ളൂ. മറ്റ് ഓണ്‍ലൈന്‍ ടാക്‌സികളില്‍ ഇത് 20 മുതല്‍ 30 ശതമാനം വരെയാണ്. സര്‍വീസ് ചാര്‍ജായി ലഭിക്കുന്ന തുക ഈ പദ്ധതിയുടെ നടത്തിപ്പിനായി വിനിയോഗിക്കുമെന്നും യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും പ്രമോഷണല്‍ ഇന്‍സെന്റീവുകള്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.