കണ്ണൂര്‍ വി.സി നിയമനം; ഹര്‍ജി ജനുവരി 24-ലേക്ക് മാറ്റി

 

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമനം ചോദ്യം ചെയ്ത് കൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി ജനുവരി 24ന് പരിഗണിക്കാനായി മാറ്റി. വൈസ് ചാന്‍സലറുടെ അഭിഭാഷകന്‍ നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് കേസ് മാറ്റിയത്.

ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സര്‍വകലാശാല വൈസ് ചാന്‍സലറായി ഗോപിനാഥ് രവീന്ദ്രന് തുടരാമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിറക്കിയിരുന്നു. ഇതിന് എതിരെ സേവ് യൂണിവേഴ്‌സിറ്റി ഫോറമാണ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്.

വൈസ് ചാന്‍സലറുടെ നിയമനത്തിനുള്ള പ്രായപരിധി അടക്കമുള്ള മാനദണ്ഡങ്ങള്‍ ലംഘിച്ചും സെര്‍ച്ച് കമ്മിറ്റിയുടെ പരിശോധന ഇല്ലാതെയുമാണ് നിയമനം നടത്തിയിരിക്കുന്നത് എന്ന് അപ്പീലില്‍ പറയുന്നു. വിഷയത്തില്‍ യുജിസി ചട്ടങ്ങളും സര്‍ക്കാരിന്റെ നിലപാടും ചേര്‍ന്ന് പോകുന്നില്ലെന്നും അപ്പീലില്‍ പറഞ്ഞിട്ടുണ്ട്. വിസിയുടെ പുനര്‍ നിയമനം റദ്ദാക്കണമെന്ന ആവശ്യവും ഹര്‍ജിക്കാര്‍ ഉന്നയിച്ചിട്ടുണ്ട്.