കണ്ടല ബാങ്കിലെ കോടികളുടെ തട്ടിപ്പ്; മുന്‍ പ്രസിഡന്റ് എന്‍ ഭാസുരാംഗനും മകനും അറസ്റ്റില്‍; കടുത്ത നടപടികളിലേക്ക് കടന്ന് ഇഡി

കോടികളുടെ തട്ടിപ്പില്‍ കണ്ടല ബാങ്ക് മുന്‍ പ്രസിഡന്റ് എന്‍ ഭാസുരാംഗനെയും മകനെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കൊച്ചി ഇ ഡി ഓഫീസില്‍ 10 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ്. ഇരുവരെയും നാളെ കോടതിയില്‍ ഹാജരാക്കും.

മുന്‍പ് നടത്തിയ ചോദ്യം ചെയ്യലില്‍ നല്‍കിയ ഉത്തരങ്ങളില്‍ പൊരുത്തക്കേടുകളും കള്ളക്കണക്കും വ്യക്തമായതോടെയാണ് ഇന്ന് ഇരുവരെയും ഇഡി വിളിച്ചു വരുത്തിയത്. 101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല ബാങ്കില്‍ നടന്നത്.

ബാങ്ക് ഓഡിറ്റ് അട്ടിമറിച്ച ഭാസുരാംഗന്‍ ചിട്ടിയിലും വ്യാപക തിരിമറി നടത്തി എന്നും റിപ്പോര്‍ട്ട് പറയുന്നു. ഭരണസമിതി അംഗങ്ങളും ജീവനക്കാരും ലക്ഷങ്ങള്‍ കാര്‍ഷിക വായ്പയെടുത്ത് അവിടെ തന്നെ നിക്ഷേപിച്ചിരുന്നു.

മുപ്പത് വര്‍ഷം പ്രസിഡണ്ടായിരുന്ന ബാങ്കില്‍ നിന്ന് ഭാസുരാംഗനെ മാറ്റിയതിന് പിന്നാലെ ചുമതലയേറ്റെടുത്ത അഡ്മിനിസ്‌ട്രേറ്ററുടെ റിപ്പോര്‍ട്ടില്‍ ഗുരുതര ക്രമക്കേടുകളാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ബാങ്കില്‍ നടന്നത് ഗുരുതരമായ ക്രമക്കേടുകളാണെന്നും നഷ്ടക്കണക്ക് വരെ കുറച്ച് കാണിച്ചെന്നും ഈ റിപ്പോര്‍ട്ട് പറയുന്നു.

Read more

കണ്ടല ബാങ്കില്‍ നിക്ഷേപകര്‍ക്ക് ആകെ കൊടുക്കാനുള്ളത് 172 കോടി രൂപയാണ്. വായ്പ ഇനത്തില്‍ ബാങ്കിന് കിട്ടാനുള്ളത് 68 കോടി രൂപ മാത്രം. ഈ വായ്പയില്‍ തന്നെ പകുതിയില്‍ അധികവും മൂല്യമില്ലാത്ത വസ്തു വെച്ച് തട്ടിയെടുത്തത്. ജില്ലാ ബാങ്കിന് കൊടുക്കാന്‍ 22 കോടി വേറെ. അങ്ങനെ ആകെ ബാങ്കില്‍ ക്രമക്കേട് നടത്തിയതിനെ തുടര്‍ന്നുണ്ടായ നഷ്ടം 120 കോടിയിലേറെ രൂപയാണ്.