വയനാട് പുനരധിവാസം അട്ടിമറിച്ചത് സംസ്ഥാന സര്‍ക്കാര്‍; ഹൈക്കോടതിയുടെ നിലപാട് സര്‍ക്കാരിന്റെ മുഖത്തേറ്റ പ്രഹരമെന്ന് കെ സുരേന്ദ്രന്‍

വയനാട് പുനരിധിവാസം അട്ടിമറിച്ചത് സംസ്ഥാന സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഹൈക്കോടതിയുടെ നിലപാട് സംസ്ഥാന സര്‍ക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഹൈക്കോടതിയുടെ ചോദ്യങ്ങള്‍ സര്‍ക്കാരിന്റെ യഥാര്‍ത്ഥ മുഖം വ്യക്തമാക്കുന്നതാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ദുരിതം നടന്നിട്ട് നാല് മാസങ്ങള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ കണക്ക് കേന്ദ്രത്തിന് സമര്‍പ്പിച്ചത്. നവംബര്‍ 13ന് മെമ്മോറണ്ടം സമര്‍പ്പിച്ച സര്‍ക്കാര്‍ 19 ന് കേന്ദ്രത്തെ പഴിചാരി ഹര്‍ത്താലും നടത്തി. ജനങ്ങളെ കബളിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. സംസ്ഥാന ദുരിതാശ്വാസ നിധിയുടെ കണക്കുകള്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ലെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

എസ്ഡിആര്‍എഫ് ഫണ്ടില്‍ എത്ര രൂപ ചിലവഴിക്കാമെന്ന് സംസ്ഥാനം വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ഉരുണ്ടു കളിക്കുകയാണ്. പിഡിഎന്‍എ റിപ്പോര്‍ട്ട് സര്‍ക്കാര്‍ മരവിപ്പിക്കുകയായിരുന്നു. വയനാട് ഹര്‍ത്താല്‍ നടത്തിയ എല്‍ഡിഎഫും യുഡിഎഫും ജനങ്ങളോട് മാപ്പ് പറയണം.

വയനാട് ദുരന്തനിവാരണത്തിന് വേണ്ടിയുണ്ടാക്കിയ മന്ത്രിസഭ ഉപസമിതി എന്ത് ചെയ്തുവെന്ന് മുഖ്യമന്ത്രി പറയണം. നാല് മന്ത്രിമാര്‍ ഉള്‍പ്പെടുന്ന ഉപസമിതി ദുരന്തമേഖലയില്‍ സെല്‍ഫി എടുക്കുന്നതിന്റെ തിരക്കിലായിരുന്നുവെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

വയനാട് പുനരധിവാസ ഫണ്ട് അനുവദിക്കില്ല എന്ന് കേന്ദ്രം എവിടെയും പറഞ്ഞിട്ടില്ല. ഫണ്ട് വൈകിച്ചതും വൈകിയതിനെ രാഷ്ട്രീയമായി മുതലെടുത്തതും ആരാണ്. പിണറായി വിജയന്റെ അജണ്ടയോടൊപ്പം കോണ്‍ഗ്രസ് നിന്നു. 1,200 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാമെന്ന് വിവിധ സന്നദ്ധസംഘടനകള്‍ അറിയിച്ചിട്ടും സര്‍ക്കാര്‍ അതിനോട് പ്രതികരിച്ചിട്ടില്ലെന്നും ബിജെപി അധ്യക്ഷന്‍ ആരോപിച്ചു.