ജാസ്മിന്‍ ഷായുടെ ഭാര്യയുടെ കാറിന്റെ ലോണ്‍ അടയ്ക്കുന്നത് നഴ്‌സുമാരുടെ പണം കൊണ്ട്; മൂന്നു കോടി ഉണ്ടായിരുന്ന അക്കൗണ്ടില്‍ 60 ലക്ഷം മാത്രം; കണക്ക് ചോദിച്ച സംസ്ഥാന കമ്മിറ്റി അംഗത്തെ പുറത്താക്കി; ചാനല്‍ ചര്‍ച്ചയില്‍ ഉരുണ്ട് കളിച്ച് യു.എന്‍.എ നേതാവ്

നഴ്സുമാരുടെ തൊഴില്‍ അവകാശങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി നില കൊള്ളുന്ന സംഘടനയായ യുഎന്‍എയുടെ നേതൃത്വത്തിന് നേരെ കോടികളുടെ അഴിമതി ആരോപണം. 2017 ഏപ്രില്‍ മുതല്‍ 2019 ജനുവരി 31 വരെ മൂന്ന് കോടി 71 ലക്ഷം രൂപയാണ് സംഘടനയുടെ വിവിധ അക്കൗണ്ടുകളിലേക്ക് വന്നതെന്നും ഇതില്‍ എട്ടു ലക്ഷം രൂപ മാത്രമാണ് ഇപ്പോള്‍ ബാക്കിയുള്ളത് എന്നുമാണ് ആരോപണം. സംഘടനയുടെ പ്രസിഡന്റ് ജാസ്മിന്‍ ഷായ്ക്ക് എതിരെ ഗുരുതരമായ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിലെ ചര്‍ച്ചയ്ക്കിടെ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ അദ്ദേഹത്തിനായില്ല.

സംഘടന നിലവില്‍ വന്ന 2011 മുതല്‍ എല്ലാ വര്‍ഷവും ജനറല്‍ കൗണ്‍സില്‍ വിളിച്ച് കണക്ക് അവതരിപ്പിക്കാറുണ്ടെന്നും കണക്കുകള്‍ സുതാര്യമാണെന്നും ആയിരുന്നു ആരോപണം നേരിടുന്ന ജാസ്മിന്‍ ഷായുടെ മറുപടി. 60 ലക്ഷം രൂപ സംഘടനയുടെ അക്കൗണ്ടില്‍ ബാക്കിയുണ്ടെന്നും ബാക്കി പണം ചെലവഴിച്ചതിന് കൃത്യം കണക്കുണ്ടെന്നും ജാസ്മിന്‍ ഷാ പറഞ്ഞു. എന്നാല്‍ പണം എവിടെ ചെലവഴിച്ചു? ആരെല്ലാം പിന്‍വലിച്ചു? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ജാസ്മിന്‍ ഷായ്ക്ക് വ്യക്തമായ ഉത്തരം ഉണ്ടായിരുന്നില്ല.

കണക്ക് ചോദിച്ചപ്പോള്‍ താന്‍ മാസങ്ങള്‍ക്ക് മുമ്പ് വാട്‌സാപ്പില്‍ അയച്ച രാജി സന്ദേശം കാട്ടി കണക്ക് തരാനാകില്ലെന്ന് പറയുകയാണ് ചെയ്തതെന്ന് യുഎന്‍എ സംസ്ഥാന കമ്മിറ്റിയംഗം ബെല്‍ജോ ഏലിയാസ് പറഞ്ഞു. ഇതിനും കൃത്യമായ വിശദീകരണം ഇല്ലാതെ ജാസ്മിന്‍ ഷാ ചര്‍ച്ചയില്‍ ഉരുണ്ടു കളിച്ചു.

ജാസ്മിന്‍ ഷായുടെ ഭാര്യയുടെ പേരില്‍ വാങ്ങിയ കാറിന്റെ ലോണ്‍ അടയ്ക്കുന്നത് യുഎന്‍എയുടെ അക്കൗണ്ടിലുള്ള പണം ഉപയോഗിച്ചു കൊണ്ടാണെന്നും ജാസ്മിന്‍ ഷാ ഏഷ്യാനെറ്റ് ന്യൂസിന്റെ ചര്‍ച്ചയില്‍ വെളിപ്പെടുത്തി. ഭാര്യ കാര്‍ ഉപയോഗിക്കുന്നില്ല, പണം അടച്ചു തീരുമ്പോള്‍ കാര്‍ സംഘടനയുടേതായി മാറും, എല്ലാത്തിനും തെളിവ് ഫെയ്സ്ബുക്കിലുണ്ട് എന്നൊക്കെയായിരുന്നു ഇതിന് ജാസ്മിന്‍ ഷായുടെ പറഞ്ഞത്.

പ്രകടമായ അഴിമതിയാണ് ജാസ്മിന്‍ ഷാ അടക്കമുള്ള യുഎന്‍എ നേതൃത്വം നടത്തിയിരിക്കുന്നതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ആരോപിച്ചു. യുഎന്‍എയുടെ അക്കൗണ്ടിലുണ്ടായിരുന്ന പണം ചൂഷണം നേരിടുന്ന നഴ്‌സിംഗ് സമൂഹത്തിന്റെ അധ്വാനത്തിന്റെ ഫലമാണ്. ഒപ്പം ലോകമെങ്ങുമുള്ള മലയാളി നഴ്‌സിംഗ് സമൂഹം നല്‍കിയ സംഭാവനയും അതിലുണ്ട്. അതില്‍ നിന്ന് ഒരു പൈസയെങ്കിലും തട്ടിപ്പ് നടത്തിയെങ്കില്‍ സാമ്പത്തികാപഹരണം നടത്തിയവരെ കൈയാമം വെയ്ക്കണമെന്ന് എ എ റഹീം ആവശ്യപ്പെട്ടു. കണക്ക് ചോദിച്ചപ്പോള്‍ താന്‍ മാസങ്ങള്‍ക്ക് മുമ്പ് വാട്‌സാപ്പില്‍ അയച്ച രാജി സന്ദേശം കാട്ടി കണക്ക് തരാനാകില്ലെന്ന് പറയുകയാണ് ചെയ്തതെന്ന് യുഎന്‍എ സംസ്ഥാന കമ്മിറ്റിയംഗം ബെല്‍ജോ ഏലിയാസ് പറഞ്ഞു.