മുകേഷ് ലൈംഗികാരോപണ കേസില്‍ നിരപരാധിയോ? പരാതിക്കാരിക്കെതിരെയുള്ള തെളിവുകള്‍ അഭിഭാഷകന് കൈമാറി; തെളിവുകള്‍ തിങ്കളാഴ്ച കോടതിയിലെത്തും

ലൈംഗികാരോപണം നേരിടുന്ന എംഎല്‍എയും നടനുമായ മുകേഷ് പരാതിക്കാരിക്കെതിരെയുള്ള തെളിവുകള്‍ അഭിഭാഷകന് കൈമാറി. മുകേഷിന്റെ അഭിഭാഷകനായ ജിയോ പോളിനാണ് പരാതിക്കാരിക്കെതിരെയുള്ള തെളിവുകള്‍ കൈമാറിയത്. മുകേഷിനെതിരെ ആരോപണം ഉന്നയിക്കുന്ന നടി പണം ആവശ്യപ്പെട്ടകതുള്‍പ്പെടെയുള്ള തെളിവുകളാണ് കൈമാറിയതെന്ന് അഭിഭാഷകന്‍ അറിയിച്ചു.

നേരത്തെ മുകേഷ് കേസില്‍ നിരപരാധിയാണെന്ന് അറിയിച്ച് ജിയോ പോള്‍ രംഗത്ത് വന്നിരുന്നു. ബ്ലാക്ക് മെയിലിങ്ങുമായി ബന്ധപ്പെട്ട രേഖകളാണ് കൈമാറിയത്. ലൈംഗിക പീഡനം നടന്നിട്ടില്ല ആരോപണം മാത്രമാണെന്നും അന്വേഷണം സത്യസന്ധമായി നടക്കട്ടെയെന്നും അഭിഭാഷകന്‍ പറഞ്ഞു.

മുകേഷ് കൈമാറിയ രേഖകള്‍ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ഒന്നരമണിക്കൂര്‍ നീണ്ടുനിന്നു. മുകേഷിന്റെ നിരപരാധിത്വം തെളിയിക്കുമെന്നും അഭിഭാഷകന്‍ പറയുന്നു. ജിയോ പോളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മുകേഷ് തിരുവനന്തപുരത്തേക്ക് മടങ്ങി.

പ്രതിപക്ഷ പാര്‍ട്ടികള്‍ മുകേഷിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാക്കുന്നതിനിടയിലാണ് അഭിഭാഷകനെ നേരില്‍ കണ്ട് എംഎല്‍എ തെളിവുകള്‍ കൈമാറിയത്. കേസില്‍ മുകേഷിനെ സെപ്റ്റംബര്‍ 3 വരെ അറസ്റ്റ് ചെയ്യരുതെന്ന് എറണാകുളം ജില്ലാ സെക്ഷന്‍സ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.