യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവം; റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി; അതീവ ഗൗരവകരമായ കുറ്റമെന്ന് നിരീക്ഷണം

തിരുവനന്തപുരത്ത് യുവ ഡോക്ടര്‍ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ പ്രതി റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം എസിജെഎം കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കുറ്റം അതീവ ഗൗരവമുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. പ്രതിയ്ക്ക് ജാമ്യം അനുവദിച്ചാല്‍ അത് കേസന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം പരിഗണിച്ചാണ് കോടതി നടപടി.

കേസില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തണമെന്നും ഒളിവില്‍ പോയ റുവൈസിന്റെ പിതാവിനെ കണ്ടെത്തണമെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് പൊലീസ് കോടതിയെ ധരിപ്പിച്ചു. ഡിലീറ്റ് ചെയ്ത വാട്‌സ് ആപ്പ് ചാറ്റുകള്‍ പ്രതിയുടെ സാന്നിധ്യത്തില്‍ തന്നെ വീണ്ടെടുക്കണമെന്നും പൊലീസ് കോടതിയെ അറിയിച്ചു.

ഇത് തുടര്‍ന്നാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ഷഹനയുടെ മരണത്തില്‍ റുവൈസിന്റെ പിതാവിനെ പ്രതി ചേര്‍ത്തിരുന്നു. മെഡിക്കല്‍ കോളേജ് പൊലീസാണ് റുവൈസിന്റെ പിതാവിനെ പ്രതി ചേര്‍ത്തത്. റുവൈസ് ഭീമമായ സ്ത്രീധനം ആവശ്യപ്പെട്ടാണ് വിവാഹലോചനയില്‍ നിന്ന് പിന്‍മാറിയത്. ഇതേ തുടര്‍ന്നായിരുന്നു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സര്‍ജറി വിഭാഗം പിജി വിദ്യാര്‍ത്ഥിനി ഷഹന ആത്മഹത്യ ചെയ്തത്.