ഭാഷാ വിവാദത്തില്‍ കമല്‍ ഹാസനെതിരെ കടുത്ത പ്രതിഷേധം നടക്കുന്ന സാഹചര്യത്തില്‍ പിന്തുണയുമായി തമിഴ്‌നാട്ടിലെ സിനിമ, ടെലിവിഷന്‍, നാടക അഭിനേതാക്കളുടെ സംഘടനയായ സൗത്ത് ഇന്ത്യന്‍ ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ (എസ്‌ഐഎഎ). തമിഴില്‍ നിന്നാണ് കന്നഡ ഭാഷ ഉത്ഭവിച്ചത് എന്ന പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് താരത്തിന്റെ ‘തഗ് ലൈഫ്’ ചിത്രം കര്‍ണാടകയില്‍ നിരോധിച്ചിരിക്കുകയാണ്.
മാത്രമല്ല കര്‍ണാടകയില്‍ കമല്‍ ഹാസന്റെ കോലം കത്തിച്ചും പ്രതിഷേധം നടക്കുന്നുണ്ട്. ഇതിനിടെയാണ് താരത്തിന് പിന്തുണയുമായി എസ്‌ഐഎഎ രംഗത്തെത്തിയിരിക്കുന്നത്. കമല്‍ ഹാസനെ കന്നഡ വിരുദ്ധനായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ല. യുക്തിബോധമുള്ള ഒരാളും അതുവിശ്വസിക്കില്ല.
ജാതി, മതം, വംശം, ഭാഷ എന്നിവയുടെ അതിര്‍വരമ്പുകള്‍ മറികടന്ന കലാകാരനാണ് കമല്‍ഹാസന്‍. കര്‍ണാടകയുമായി അടുത്തബന്ധം സൂക്ഷിക്കുന്നുണ്ട്. പ്രമുഖ നടന്‍ രാജ്കുമാറുമായും നാടകകൃത്തും നടനുമായ ഗിരീഷ് കര്‍ണാടുമായും നല്ല സൗഹൃദ ബന്ധം സൂക്ഷിച്ചിരുന്നു.
2000ല്‍ രാജ്കുമാറിനെ വീരപ്പന്‍ തട്ടിക്കൊണ്ടുപോയപ്പോള്‍ മോചിപ്പിക്കാന്‍ കമല്‍ ഹാസന്‍ പരസ്യമായി അഭ്യര്‍ഥിച്ചു. രാജ്കുമാറിനെ അദ്ദേഹം സഹോദരനായി കണക്കാക്കി. ശിവ രാജ്കുമാറിനെ മകനെപ്പോലെ കണ്ടു. കര്‍ണാടകയുമായി ഇത്രയൊക്ക വലിയ ബന്ധം സൂക്ഷിക്കുന്ന കമല്‍ ഹാസന്റെ പരാമര്‍ശം ആളിക്കത്തിക്കുന്നത് അവസാനിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
Read more
അതേസമയം, ഭാഷാ പരാമര്‍ശത്തില്‍ കര്‍ണാടക ഫിലിം ചേംബര്‍ കമലിനോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടിരുന്നു. താരം മാപ്പ് പറയാഞ്ഞതോടെയാണ് തഗ് ലൈഫ് കര്‍ണാടകയില്‍ നിരോധിച്ചത്. തെറ്റ് ചെയ്യാത്തതിനാല്‍ മാപ്പ് പറയില്ലെന്ന് കമല്‍ ഹാസന്‍ വ്യക്തമാക്കിയിരുന്നു. താരത്തിനെതിരെ ബിജെപി നേതാക്കളും രംഗത്തെത്തിയിരുന്നു.