IPL 2025: ഈ നൂറ്റാണ്ടിലെ എറ്റവും മികച്ച ഷോട്ട്, ബുംറയുടെ യോര്‍ക്കര്‍ ബൗണ്ടറിയാക്കി മാറ്റിയ ശ്രേയസിനെ പുകഴ്ത്തി എബിഡി, വീഡിയോ

മുംബൈ ഇന്ത്യന്‍സ്-പഞ്ചാബ് കിങ്‌സ് ക്വാളിഫയര്‍ 2 പോരാട്ടത്തില്‍ ക്രിക്കറ്റ് പ്രേമികളെ ഒന്നടങ്കം വിസ്മയിപ്പിച്ച പ്രകടനമാണ് ശ്രേയസ് അയ്യര്‍ കാഴ്ചവച്ചത്. ശ്രേയസിന്റെ അര്‍ധസെഞ്ച്വറി പ്രകടനത്തിന്റെ മികവില്‍ അഞ്ച് വിക്കറ്റിനാണ് മുംബൈയെ പഞ്ചാബ് തോല്‍പ്പിച്ചത്. എട്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 87 റണ്‍സാണ് മുംബൈക്കെതിരെ ശ്രേയസ് അടിച്ചുകൂട്ടിയത്. അവസാനം ടീമിന് വേണ്ടി ഫിനിഷ് വരെ നടത്തിയ ശേഷമായിരുന്നു പഞ്ചാബ് ക്യാപ്റ്റന്‍ ക്രീസ് വിട്ടത്. ശ്രേയസിന്റെ മികച്ച ഷോട്ടുകള്‍ കണ്ട ദിവസം കൂടിയായിരുന്നു ഇന്നലെ.

ഇതില്‍ ബുംറയുടെ ഒരു യോര്‍ക്കര്‍ ബോള്‍ നേരിട്ട ശ്രേയസ് അത് ബൗണ്ടറിയാക്കി മാറ്റിയത് കണ്ട് എല്ലാവരും വണ്ടറടിച്ചിരുന്നു. ഇത് നൂറ്റാണ്ടിലെ തന്നെ എറ്റവും മികച്ച ഷോട്ടാണ് എന്നാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബിഡിവില്ലിയേഴ്‌സ് പറഞ്ഞത്. ആ യോര്‍ക്കര്‍ താനായിരുന്നു കളിച്ചതെങ്കില്‍ ഔട്ടാകുമായിരുന്നുവെന്നും എബിഡി പറഞ്ഞു. ‘എന്നാല്‍ മികച്ച താരമായ ശ്രേയസ് തന്റെ മികവ് പ്രകടിപ്പിക്കുകയും ആ യോര്‍ക്കര്‍ ഒരു ബൗണ്ടറിയാക്കി മാറ്റുകയും ചെയ്തു. ശ്രേയസ് അയ്യരുടെ വലിയ ആരാധകനാണ് താനെന്നും’ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം പറഞ്ഞു.

‘എനിക്കത് ഐപിഎല്ലിലെ എറ്റവും മികച്ച ഷോട്ടാണ്. അത് മിഡില്‍ സ്റ്റമ്പില്‍ തട്ടുന്ന തരത്തിലുളള പന്തായിരുന്നു-തികഞ്ഞ യോര്‍ക്കര്‍. അത് ശരിക്കും ശ്രേയസിന്റെ ബാറ്റ് ഒടിക്കാന്‍ കെല്‍പ്പുളള തരത്തിലുളള യോര്‍ക്കര്‍ ബോളായിരുന്നു. ആ യോര്‍ക്കര്‍ തടയുന്നത് അത്ര എളുപ്പമല്ല. ഞാനായിരുന്നു ആ പന്ത് നേരിട്ടതെങ്കില്‍ എന്റെ വിക്കറ്റ് ചിലപ്പോള്‍ തെറിക്കുമായിരുന്നു’.

‘ശ്രേയസ് ആ യോര്‍ക്കറില്‍ നിന്ന് ഒരു ബൗണ്ടറി നേടി സമ്മര്‍ദം തിരിച്ച് ലോകത്തിലെ എറ്റവും മികച്ച ബോളര്‍ക്ക് നല്‍കുന്നു. അവിശ്വസനീയമായ ബാറ്റിങ്ങായിരുന്നു ശ്രേയസിന്റെത്. കരുത്തും ക്രൂരവും നിറഞ്ഞ ബാറ്റിങ്. എന്തൊരു അതിശയകരമായ കളിക്കാരനാണ് അദ്ദേഹം, എബിഡി പറഞ്ഞു.