പാര്‍ട്ടി ഫണ്ട് കൊടുക്കാത്തതിന് ഹോട്ടല്‍ തല്ലിത്തകര്‍ത്തു; സി.പി.ഐ ബ്രാഞ്ച് സെക്രട്ടറിക്ക് എതിരെ പരാതി

പത്തനംതിട്ട തിരുവല്ലയില്‍ പാര്‍ട്ടി ഫണ്ട് കൊടുക്കാതിരുന്നതിനെ തുടര്‍ന്ന് സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഹോട്ടല്‍ തല്ലി തകര്‍ത്തെന്ന് പരാതി. മന്നംകരച്ചിറ ബ്രാഞ്ച് സെക്രട്ടറി കുഞ്ഞുമോനെതിരെയാണ് പരാതി. മന്നംകരച്ചിറ ജംഗ്ഷന് സമീപമുള്ള ശ്രീമുരുകന്‍ ഹോട്ടലാണ് അടിച്ചു തകര്‍ത്തത്. കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയോടെയാണ് സംഭവം.

സിപിഐ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ഹോട്ടല്‍ നടത്തിപ്പുകാരായ ദമ്പതിമാര്‍ക്ക് മര്‍ദ്ദനമേറ്റു. കട നടത്തിപ്പുകാരും നെയ്യാറ്റിന്‍കര സ്വദേശികളുമായ മുരുകന്‍, ഉഷ ദമ്പതിമാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ബ്രാഞ്ച് സെക്രട്ടറിയും മന്നംകരച്ചിറ ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറുമായ കുഞ്ഞുമോന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ആക്രമിച്ചത്.

സിപിഐയുടെ സമ്മേളനകാലത്തെ ഫണ്ട് പിരിവുമായി ബന്ധപ്പെട്ടാണ് ബ്രാഞ്ച് സെക്രട്ടറി കുഞ്ഞുമോന്‍ ഇവരുടെ കടയില്‍ എത്തിയത്. പണം നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്നായിരുന്നു ആക്രമണം. മുരുകനെയും ഉഷയെയും അസഭ്യം പറയുകയും പാത്രങ്ങളും ഗ്യാസ് സിലണ്ടറുമടക്കമനുള്ള സാധനങ്ങള്‍ പുറത്തെറിയുകയും ചെയ്തു. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയപ്പോള്‍ പിന്‍വലിക്കാനായി ഭീഷണിപ്പെടുത്തിയെന്നും ദമ്പതിമാര്‍ പറയുന്നു.

അതേസമയം ഹോട്ടലുടമകള്‍ പാര്‍ട്ടി പ്രവര്‍ത്തകരെയാണ് ആക്രമിക്കാന്‍ ശ്രമിച്ചതെന്ന് ബ്രാഞ്ച് സെക്രട്ടറി പറയുന്നു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും ബ്രാഞ്ച് സെക്രട്ടറി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും സിപിഐ ജില്ലാ സെക്രട്ടറി അറിയിച്ചു.