തീവ്ര ന്യൂനമര്‍ദ്ദം, ശക്തമായ മഴ തുടരുന്നു; 5 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. 5 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദവും ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദവും തുടരുന്നു. പലയിടത്തും വെള്ളക്കെട്ടും നാശനഷ്ടവും ഉണ്ടായി. മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ന് തീവ്ര മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ പ്രതീക്ഷിക്കാം.

അറബിക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദ്ദത്തിന്റെയും ബംഗാള്‍ ഉള്‍ക്കടലിലെ ശക്തി കൂടിയ ന്യൂനമൃദത്തിന്റെയും സ്വാധീനഫലമായാണ് മഴ തുടരുന്നത്. നാളെയും സമാന തോതില്‍ മഴ പ്രതീക്ഷിക്കാം.

അതേസമയം, കൊച്ചി നഗരത്തില്‍ മഴ തുടരുകയാണ്. പുലര്‍ച്ചെയോടെ മഴയുടെ ശക്തി കുറഞ്ഞിരുന്നു. താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവായി തുടങ്ങിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ മറ്റു പ്രദേശങ്ങളിലും മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്.