കനത്തമഴയും കാറ്റും; ഡല്‍ഹിയില്‍ വ്യാപക നാശനഷ്ടം, വ്യോമഗതാഗതം തടസ്സപ്പെട്ടു

കനത്തമഴയിലും കാറ്റിലും ഡല്‍ഹിയില്‍ വ്യാപക നാശനഷ്ടം. വിവിധയിടങ്ങളില്‍ മരം കടപുഴകി വീണ് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. റോഡ് ഗതാഗതം തടസ്സപ്പെട്ടു. നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് മുകളിലും മരങ്ങള്‍ വീണു.

കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു. പുതുക്കിയ വിവരങ്ങള്‍ക്കായി ബന്ധപ്പെട്ട എയര്‍ലൈനുമായി ബന്ധപ്പെടാന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സര്‍വീസ് റദ്ദാക്കിയിട്ടുണ്ടോ എന്ന വിവരം അന്വേഷിച്ചതിന് ശേഷം മാത്രം യാത്ര പുറപ്പെടാന്‍ പല എയര്‍ലൈനുകളും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അടുത്ത രണ്ട് മണിക്കൂര്‍ ഡല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയിലും ഇടിയോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. 60-90 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റും വീശിയേക്കും. ശക്തമായ മഴ കാഴ്ച മറക്കുകയും അപകടമുണ്ടാക്കുകയും ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ അത്യാവശ്യ ഘട്ടങ്ങളിലല്ലാത്ത വാഹനയാത്ര ഒഴിവാക്കണമെന്നും എല്ലാവരും കഴിയുന്നതും വീടിനകത്തു തുടരണമെന്നും കാലാവസ്ഥാ വകുപ്പ് നിര്‍ദ്ദേശം പുറപ്പെടുവിച്ചു.