വിദ്വേഷ പ്രസംഗം; പി.സി ജോര്‍ജിന് പൊലീസ് നോട്ടീസ്, ചോദ്യം ചെയ്യലിന് ഹാജരാകും

വെണ്ണലയിലെയിലെ വിദ്വേഷ പ്രസംഗ കേസില്‍ മുന്‍ എംഎല്‍എ പി.സി ജോര്‍ജിന് പൊലീസ് നോട്ടീസ്. പാലാരിവട്ടം പൊലീസ് അയച്ച നോട്ടീസ് പി.സി.ജോര്‍ജ് കൈപ്പറ്റി. ഇന്ന് ഉച്ചയ്ക്ക് ശേഷം സ്റ്റേഷനില്‍ ഹാജരായേക്കുമെന്നാണ് സൂചന. അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടും. അറസ്റ്റ് ചെയ്താല്‍ ജാമ്യം നല്‍കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായിരുന്നു.

വെണ്ണല വിദ്വേഷ പ്രസംഗ കേസില്‍ പിസി ജോര്‍ജിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജസ്റ്റിസ് ഗോപിനാഥ് അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയോടെ ജോര്‍ജ് വീട്ടിലെത്തി. വ്യാഴാഴ്ച വരെ പൊതുപരിപാടികളില്‍ പങ്കെടുക്കരുതെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

അതേസമയം വിദ്വേഷ പ്രസംഗ കേസില്‍ പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ അപേക്ഷയില്‍ തിരുവനന്തപുരം കോടതി ഇന്ന് വിധി പറയും. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുക. അനന്തപുരിയില്‍ ഹിന്ദു മഹാ സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിനെതിരെയാണ് പൊലീസ് കേസെടുത്തത്. സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത ജോര്‍ജിന് ജാമ്യം ലഭിച്ചിരുന്നു. ഈ ജാമ്യം റദ്ദാക്കാനാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

പി സി ജോര്‍ജ്ജ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചു. കൊച്ചിയില്‍ വീണ്ടും മതവിദ്വേഷ പ്രസംഗം നടത്തിയതിന് കേസെടുത്തുവെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. പ്രസംഗം കോടതി നേരിട്ട് പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. ഓണ്‍ലൈന്‍ ചാനലില്‍ വന്ന പ്രസം?ഗത്തിന്റെ പകര്‍പ്പാണ് കോടതി വിശദമായി പരിശോധിച്ചത്.