ഹാരിസിന്റെ മരണം കൊലപാതകം, പകയ്ക്ക് കാരണം ഭാര്യയുമായുള്ള ഷൈബിന്റെ രഹസ്യബന്ധം കണ്ടെത്തിയത്; ആരോപണവുമായി കുടുംബം

പ്രവാസി വ്യവസായി ഹാരിസിന്റെ മരണം കൊലപാതകം തന്നെയെന്ന് കുടുംബം. നാട്ടുവൈദ്യനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ഷൈബിനാണ് മകന്റെ മരണത്തിന് പിന്നിലെന്ന് ഹാരിസിന്റെ മാതാവ് സൈറാബി പറഞ്ഞു. നീതി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഷൈബിനും ഹാരിസും ആദ്യം സുഹൃത്തുക്കളായിരുന്നു. കൂടാതെ ഗള്‍ഫില്‍ ബിസിനസ് പങ്കാളികളായിരുന്നു ഇവര്‍. ഭാര്യ നസ്ലീനുമായുള്ള ഷൈബിന്റെ ബന്ധം ഹാരിസ് കൈയോടെ പിടികൂടിയതിന് ശേഷമാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഹാരിസിനെതിരെ ഷൈബിന്‍ നേരത്തെ ക്വട്ടേഷന്‍ നല്‍കിയിരുന്നുവെന്ന് അവര്‍ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

നസ്ലീനയുടെയും ഷൈബിന്റെയും ഭാഗത്തുനിന്ന് വധഭീഷണിയുണ്ടെന്ന് ഹാരിസ് പറയുമായിരുന്നു. പണവും സ്വാധീനവുമുള്ള ആളാണ് ഷൈബിന്‍. അയാളെ പേടിച്ചിട്ടാണ് ഇത്രയും നാള്‍ പരാതി നല്‍കാതിരുന്നതെന്ന് ഹാരിസിന്റെ കുടുംബം വ്യക്തമാക്കി.

2020 മാര്‍ച്ചിലാണ് ഹാരിസിനെ അബുദാബിയിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പെന്‍ഡ്രൈവില്‍ ഹാരിസിനെ വകവരുത്താനായി തയ്യാറാക്കിയ പദ്ധതിയുടെ ബ്ലൂപ്രിന്റുകളും ഉണ്ടായിരുന്നു.