സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം; റദ്ദാക്കിയ ദീർഘകാല കരാർ പുനഃസ്ഥാപിക്കും, തീരുമാനം മന്ത്രിസഭാ യോഗത്തിൽ

വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ റദ്ദാക്കിയ വൈദ്യുതി കരാർ പുനഃസ്ഥാപിക്കാൻ സർക്കാർ തീരുമാനം. നടപടിക്രമങ്ങളിലെ വീഴ്ച ഉന്നയിച്ച് റഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയ 465 മെഗാവാട്ടിന്‍റെ ദീർഘകാല കരാർ പുനഃസ്ഥാപിക്കാൻ റഗുലേറ്ററി കമ്മീഷന് നിർദ്ദേശം നൽകാനാണ് തീരുമാനിച്ചത്.

പുതിയ ടെൻഡർ വിളിച്ചാൽ ഉയർന്ന വില നൽകേണ്ടി വരും. ഇത് വൈദ്യുതി ചാർജിലും പ്രതിഫലിക്കും. അതുകൊണ്ട് റെഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയ കരാറുകൾ പുനഃസ്ഥാപിക്കുന്നതാണ് ഉചിതമെന്ന് മന്ത്രിസഭായോഗം വിലയിരുത്തിയത്. ഓൺലൈനായി ചേർന്ന മന്ത്രിസഭയോഗമാണ് ഈ തീരുമാനമെടുത്തത്.

വൈദ്യുതി നിയമത്തിലെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് റദ്ദാക്കിയ കരാർ സർക്കാർ പുനഃസ്ഥാപിക്കുന്നത്. ഇക്കഴിഞ്ഞ മെയ്യിലായിരുന്നു വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ദീർഘ കാല കരാർ റദ്ദാക്കിയത്. സാങ്കേതിക പ്രശ്നങ്ങളും നടപടി ക്രമങ്ങളിലെ വീഴ്ചയും ഉന്നയിച്ചാണ് യുഡിഎഫിന്റെ കാലത്ത് ഒപ്പിട്ട 465 മെഗാ വാട്ടിൻ്റെ കരാർ റദ്ദാക്കിയത്.

എന്നാൽ സർക്കാർ തീരുമാനം തെറ്റായിരുന്നുവെന്ന് പിന്നീട് മനസിലായി. ഒറ്റയടിക്ക് 465 മെഗാ വാട്ട് ഇല്ലാതായതും മഴ കുറഞ്ഞതും വഴി ബോർഡ് കടുത്ത പ്രതിസന്ധിയിലായി. ഒടുവിൽ കെഎസ്ഇബി ആവശ്യം അംഗീകരിച്ചാണ് സർക്കാർ ഇടപെടൽ. നയപരമായ കാര്യങ്ങളിൽ സർക്കാരിന് ഇടപെടാൻ അധികാരം നൽകുന്ന വൈദ്യുതി നിയമത്തിലെ 108 ആം വകുപ്പ് പ്രകാരമാണ് നടപടി.

കരാർ പുനഃസ്ഥാപിക്കുന്നത് വഴി ഇനി 18 വർഷം കൂടി മൂന്ന് കമ്പനികളിൽ നിന്നും ബോർഡിന് വൈദ്യുതി കിട്ടും. സമീപകാലത്ത് തുറന്ന ഹ്വസ്വകാല ടെണ്ടറിലെല്ലാം കമ്പനികൾ മുന്നോട്ട് വെച്ചത് വൻതുകയായിരുന്നു. നിലവിൽ കൂടിയ വിലക്ക് പുറത്തുനിന്നും വൈദ്യുതി വാങ്ങിയാണ് കെഎസ്ഇബി ക്ഷാമം മറികടക്കുന്നത്.