കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്ക്കൂൾ ഷെഡിൽ നിന്നും ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാർഥി എം മിഥുൻ ഷോക്കേറ്റു മരിച്ച സംഭവത്തിൽ സിപിഎം നിയന്ത്രണത്തിലുള്ള സ്‌കൂൾ മാനേജ്‌മെൻ്റ് പിരിച്ചുവിട്ടതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്‌കൂളിന്റെ ഭരണം കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫിസർക്ക് കൈമാറി.
“മിഥുൻ കേരളത്തിൻ്റെ മകനാണ്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കും. സ്‌കൂൾ സുരക്ഷ സംബന്ധിച്ച് മേയിൽ പുറത്തിറക്കിയ സർക്കുലർ അനുസരിച്ച് ചെക്ക്ലിസ്‌റ്റ് തയാറാക്കി തുടർനടപടി എടുക്കും. ഉദ്യോഗസ്‌ഥ സംഘം സ്‌കൂളുകൾ സന്ദർശിച്ച് മൂന്നാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. സംഭവത്തെ തുടർന്ന് മുഖ്യമന്ത്രി ജില്ലാ കലക്ടർമാരുടെ യോഗം വിളിച്ചിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതിൽ സ്കൂൾ മാനേജർ തുളസീധരൻ പിള്ളയുടെ ഭാഗത്തു ഗുരുതരവീഴ്ചയുണ്ടായെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ സ്‌ഥാനത്തുനിന്നു നീക്കിയത്” -മന്ത്രി പറഞ്ഞു.
സ്‌കൂൾ മാനേജ്മെന്റിന് ഗുരുതര വീഴ്‌ചയുണ്ടായെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ റിപ്പോർട്ട്. പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ നേതൃത്വത്തിൽ സേഫ്റ്റി സെൽ രൂപീകിരിച്ചതായും പൊതുജനങ്ങൾക്കു പരാതിയുണ്ടെങ്കിൽ ഈ സെല്ലിനെ സമീപിക്കാമെന്നും മന്ത്രി അറിയിച്ചു. മിഥുന്റെ കുടുംബത്തിന് വീട് വച്ചു നൽകുന്നതിനു ധനസഹായമായി പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ പിഡി അക്കൗണ്ടിൽ നിന്നും മൂന്ന് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കെഎസ്ഇബി അഞ്ച് ലക്ഷം രൂപ ധനസഹായമായി കൈമാറി. 10 ലക്ഷം രൂപയുടെ ധനസഹായം നൽകുമെന്ന് സ്‌കൂൾ മാനേജ്‌മെന്റ്റ് അറിയിച്ചിട്ടുണ്ട്. അധ്യാപക സംഘടനയായ കെഎസ്‌ടിഎ 10 ലക്ഷം രൂപ ധനസഹായം ഉടൻ തന്നെ കൈമാറും. അപകടത്തിന്റെ പശ്ചാത്തലത്തിൽ സ്‌കൂൾ സുരക്ഷ നിരീക്ഷിക്കുന്നതിനായി കൂടുതൽ നടപടികളിലേക്കു പൊതുവിദ്യാഭ്യാസ വകുപ്പ് കടക്കുകയാണെന്നും മന്ത്രി പറഞ്ഞു.
Read more
ജൂലൈ 17ന് രാവിലെയാണ് സ്കൂളിനു മുന്നിലെ ഷെഡിനു മുകളിൽ വീണ ചെരുപ്പെടുക്കാൻ കയറിയ വിദ്യാർഥി താഴ്ന്നുകിടന്നിരുന്ന വൈദ്യുതിലൈനിൽ നിന്നു ഷോക്കേറ്റു മരിച്ചത്. സംഭവത്തിൽ സ്‌കൂൾ മാനേജർ, ഹെഡ്‌മിസ്ട്രസ്, കെഎസ്ഇബി അസി.എൻജിനീയർ എന്നിവരെ പ്രതിയാക്കി ശാസ്താംകോട്ട പൊലീസ് മനഃപൂർവമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു.