പി.സി ജോര്‍ജിന് മുങ്ങാന്‍ സര്‍ക്കാര്‍ അവസരം നല്‍കി; ഒത്തുകളിയാണ് നടക്കുന്നതെന്ന് വി.ഡി സതീശന്‍

വിദ്വേഷ പ്രസംഗ കേസില്‍ പി സി ജോര്‍ജിന്റെ അറസ്റ്റ് വൈകുന്നതില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പി സി ജോര്‍ജിന് മുങ്ങാന്‍ സര്‍ക്കാര്‍ അവസരം നല്‍കുകയായിരുന്നു. ഇപ്പോള്‍ നടക്കുന്നത് സര്‍ക്കാരിന്റെ ഒത്തുകളിയണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് വിദ്വേഷ പ്രസംഗകേസിലെ പ്രതി കൊച്ചിയില്‍ വന്നാണ് വിദ്വേഷ പ്രസംഗം നടത്തിയത്. അപ്പോഴൊന്നും ജോര്‍ജിനെ അറസ്റ്റ് ചെയ്തില്ല. ഇപ്പോള്‍ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനെ തുടര്‍ന്ന് പി സി ജോര്‍ജിനെ അറസ്റ്റു ചെയ്യാന്‍ പോകുകയാണെന്ന തരത്തില്‍ സര്‍ക്കാര്‍ പ്രഹസനം നടത്തുകയാണ്. ജോര്‍ജിനെ പോലെ ഒരാള അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്തിനാണ് പൊലീസെന്നും വി ഡി സതീശന്‍ ചോദിച്ചു.

വെണ്ണലയില്‍ പ്രസംഗത്തിന് ജോര്‍ജിനെ ആരാണ് ക്ഷണിച്ചത്. ക്ഷണിച്ചയാള്‍ക്ക് ഇ.പി ജയരാജനുമായി എന്താണ് ബന്ധം എന്നും സതീശന്‍ ചോദിച്ചു. ഇക്കാര്യത്തില്‍ അന്വേഷണമുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.