സി.പി.എം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ജി. സുധാകരന്‍, കോടിയേരിക്ക് കത്ത് നല്‍കി

സി.പി.എം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടിക്ക് കത്ത് നല്‍കി ജി. സുധാകരന്‍. രണ്ട് ദിവസം മുമ്പാണ് കത്ത് നല്‍കിയത്. സംസ്ഥാന സമിതിയില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് കാണിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണനും, മുഖ്യമന്ത്രി പിണറായി വിജയനുമാണ് സുധാകരന്‍ കത്ത് നല്‍കിയത്. വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയാണ്.

സുധാകരനെ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കാന്‍ ആകില്ലെന്ന് നിലപാടിലാണ് പാര്‍ട്ടി. സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പരിഗണിച്ചപ്പോഴും ജി. സുധാകരന്‍ വിയോജിപ്പ് അറിയിച്ചിരുന്നു. സംസ്ഥാന സമിതിയില്‍ 75 വയസ് പ്രായപരിധി കര്‍ശനമാക്കാന്‍ ഇരിക്കെ 75 വയസുള്ള സുധാകരന് ഇളവ് ലഭിക്കുമെന്ന് അഭ്യൂപങ്ങള്‍ ഉണ്ടായിരുന്നു. അതിനിടെയാണ് സ്വയം ഒഴിയുന്നുവെന്നുള്ള തീരുമാനം.

75 വയസ് പ്രായപരിധി തീരുമാനം കേന്ദ്ര കമ്മിറ്റി നടപ്പിലാക്കുമെന്നും, 75 കഴിഞ്ഞവര്‍ക്ക് പുതിയ ഉത്തരവാദിത്തങ്ങളും, ാര്‍ട്ടി സുരക്ഷിതത്വവും നല്‍കുമെന്നാണ് കോടിയേരി വ്യക്തമാക്കിയത്.

അതേസമയം അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജി.സുധാകരന് വീഴ്ച പറ്റിയെന്ന് സി.പി.എം അവലോകന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗീകരിച്ച റിപ്പോര്‍ട്ടിലായിരുന്നു പേര് പരാമര്‍ശിക്കാതെയുള്ള റിപ്പോര്‍ട്ട്. സുധാകരനെതിരെ ജില്ല കമ്മിറ്റിയിലും വിമര്‍ശനം ഉണ്ടായിരുന്നു. വിഴ്ച സി.പി.എം ശരിവച്ചതിന് പിന്നാലെയായിരുന്നു പാര്‍ട്ടി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.