കൂടത്തായി കൊലപാത പരമ്പര; ജോളി മുന്‍ ഭര്‍ത്താവ് റോയിയെ കൊന്നതിന് നാലു കാരണങ്ങള്‍

കൂടത്തായിയിലെ കൊലപാതക പരമ്പര കേസില്‍ അറസ്റ്റിലായ ജോളി ആദ്യ ഭര്‍ത്താവ് റോയിയെ കൊലപ്പെടുത്താനുള്ള കാരണം സ്ഥിരമായി വരുമാനമുള്ള ഭര്‍ത്താവിന് വേണ്ടിയെന്ന് വെളിപ്പെടുത്തല്‍. കസ്റ്റഡി അപേക്ഷയിലാണ് ഞെട്ടിക്കുന്ന വിശദീകരണങ്ങളുള്ളത്.

റോയി തോമസിന്റെ അമിത മദ്യപാനം, അന്ധവിശ്വാസത്തോടുള്ള എതിര്‍പ്പ്, പരപുരുഷ ബന്ധങ്ങള്‍ എതിര്‍ത്തതിലെ പകയും കൊലപാതകത്തിന് കാരണമായി. കൊല രണ്ടും മൂന്നും പ്രതികളുടെ അറിവോടെയും സഹായത്തോടെയുമാണ് ജോളി മോഴി നല്‍കിയതായി കസ്റ്റഡി അപേക്ഷയില്‍ പൊലീസ് വിശദമാക്കുന്നു.

റോയ് വധക്കേസില്‍ ജുഡീഷ്യല്‍ റിമാന്‍ഡിലായിരുന്ന മൂന്ന് പ്രതികളേയും അടുത്ത ആറ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. പതിനൊന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിടണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടതെങ്കിലും ആറ് ദിവസത്തേക്കാണ് താമരശ്ശേരി കോടതി പൊലീസ് കസ്റ്റഡിയില്‍ പ്രതികളെ വിട്ടത്.

ജോളിയമ്മ ജോസഫ് എന്ന ജോളി, കാക്കവയല്‍ മഞ്ചാടിയില്‍ മാത്യു, തച്ചംപൊയില്‍ മുള്ളമ്പലത്തില്‍ പി. പ്രജുകുമാര്‍ എന്നിവരെയാണ് കോടതി ഒക്ടോബര്‍ 16 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.