മട്ടന്നൂരിൽ അഞ്ച് കേന്ദ്രങ്ങളിൽ ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷന്‍ സ്ഥാപിക്കും: കെ.കെ ശൈലജ

ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി തന്റെ നിയോജക മണ്ഡലമായ മട്ടന്നൂരിൽ അഞ്ചിടങ്ങളില്‍ ഇ-വാഹനങ്ങളുടെ ചാര്‍ജിംഗ് സ്റ്റേഷന്‍ സ്ഥാപിക്കുമെന്ന് കെ. കെ ശൈലജ. നിയോജക മണ്ഡലം പരിധിയിലെ മട്ടന്നൂര്‍, ചാലോട്, പടിയൂര്‍, കണ്ണവം, ശിവപുരം എന്നീ കേന്ദ്രങ്ങളിലാണ് ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്.

ഇവ യാഥാര്‍ഥ്യമാവുന്നതോടെ നിലവില്‍ ഇലക്ട്രിക് വാഹന ഉപയോക്താള്‍ അഭിമുഖീകരിക്കുന്ന പ്രയാസങ്ങള്‍ക്ക് പരിഹാരമാവുകയും കൂടുതല്‍പേര്‍ ഇത്തരം വാഹനങ്ങള്‍ ഉപയോഗിച്ച് തുടങ്ങുന്നതോടെ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ മൂലമുള്ള പരിസ്ഥിതി മലനീകരണത്തിന്റെ തോതും കുറക്കാന്‍ കഴിയും എന്ന് കെ. കെ ശൈലജ പറഞ്ഞു.

പെട്രോളിന്റെയും ഡീസലിന്റെയും അനുദിനമുള്ള വിലക്കയറ്റം സാധാരണക്കാരായ വാഹന ഉടമകളുടെ ദൈനം ദിന ജീവിതത്തെ ഏറെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇത്തരം വാഹനങ്ങളുടെ വര്‍ദ്ധനവ് പ്രകൃതിയെയും ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗവും പ്രചാരവും ഈ രണ്ട് പ്രതിസന്ധികളെയും പരിഹരിക്കാന്‍ വലിയൊരളവില്‍ സഹായകമാവുമെന്നും കെ. കെ ശൈലജ അഭിപ്രായപ്പെട്ടു.