ഡിവൈഎഫ്‌ഐ നേതാവ് കെയു ബിജു കൊലക്കേസ്; 13 ആര്‍എസ്എസ് പ്രവര്‍ത്തകരെ വെറുതെ വിട്ട് കോടതി

ഡിവൈഎഫ്‌ഐ നേതാവ് കെയു ബിജു കൊലക്കേസിലെ പ്രതികളെ വെറുതെ വിട്ടു. കേസില്‍ പൊലീസ് പ്രതിചേര്‍ത്തിരുന്ന 13 ആര്‍എസ്എസ് പ്രവര്‍ത്തകരെയാണ് വെറുതെ വിട്ടത്. തെളിവുകള്‍ അപര്യാപ്തമെന്ന് കാട്ടി തൃശൂര്‍ നാലാം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.

കേസില്‍ സാക്ഷിമൊഴികള്‍ അവിശ്വസനീയമെന്നും തെളിവുകള്‍ അപര്യാപ്തമെന്നും നിരീക്ഷിച്ചാണ് ജഡ്ജി കെവി അനീഷ് പ്രതികളെ വെറുതെ വിട്ടത്. സിപിഎം കൊടുങ്ങല്ലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ ബ്ലോക്ക് വൈസ് പ്രസിഡന്റുമായിരുന്നു ബിജു. 2008 ജൂണ്‍ 30ന് ആയിരുന്നു ബിജുവിന് നേരെ ആക്രമണം നടന്നത്.

ആക്രമണത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ജൂലൈ 2ന് ആണ് ബിജു മരിച്ചത്. സഹകരണ ബാങ്കിന്റെ കുറി പിരിക്കാന്‍ ബൈക്കില്‍ വരുകയായിരുന്ന ബിജുവിനെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാഷ്ട്രീയ വിരോധം മൂലം തടഞ്ഞുനിറുത്തി ഇരുമ്പ് പൈപ്പുകള്‍ ഉപയോഗിച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്.

പ്രായപൂര്‍ത്തിയാകാത്ത ഒരാളുള്‍പ്പെടെ 14 പേരായിരുന്നു പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. പ്രായപൂര്‍ത്തിയാകാത്ത രണ്ടാം പ്രതിയുടെ വിചാരണ തൃശൂര്‍ ജുവനൈല്‍ ജസ്റ്റിസ് കോടതിയില്‍ നടക്കുകയാണ്. കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു.