'മേയർക്കും എംഎൽഎയ്ക്കുമെതിരെ കേസെടുക്കണം'; ഡ്രൈവർ യദുവിന്റെ ഹർജി ഇന്ന് കോടതിയിൽ

കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ ഹർജി ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനുമെതിരെ കേസെടുക്കണമെന്നാണ് ഹർജിയിലെ ആവശ്യം. പൊലീസിൽ പരാതി നൽകിയിട്ടും കേസെടുക്കാത്ത സാഹചര്യത്തിലാണ് യദു കോടതിയെ സമീപിച്ചത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.

ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനും വാഹനത്തിലുണ്ടായിരുന്ന മറ്റ് മൂന്നുപേർക്കും എതിരെയാണ് പരാതി.ഇവർക്കെതിരെ കേസെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. എന്നാൽ സമാനസ്വഭാവമുളള ഹർജിയിൽ കഴിഞ്ഞ ദിവസം എടുത്ത കേസിൽ അന്വേഷണം നടത്തുന്ന കാര്യം സർക്കാർ ഇന്ന് കോടതിയെ അറിയിക്കാനാണ് സാധ്യത.

കെഎസ്ആര്‍ടിസി ബസിന്റെ ട്രിപ്പ് മുടക്കിയതുമായി ബന്ധപ്പെട്ട് ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയലിന്റെ പരാതിയില്‍ നേരത്തെ കണ്ടോണ്‍മെന്റ് പൊലീസ് കേസെടുത്തിരുന്നു. മേയര്‍ ആര്യ രാജേന്ദ്രന്‍, സച്ചിന്‍ ദേവ് എംഎല്‍എ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസ്.

അതേസമയം കേസിൽ ബസിലെ സിസിടിവിയുടെ മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. പാപ്പനംകോടുളള കെഎസആ‍ടിസി വർക്കു ഷോപ്പിൽ വച്ചാണ് ക്യാമറകള്‍ സ്ഥാപിച്ചത്. ഇവിടെ നിന്നുളള രേഖകള്‍ പൊലീസ് ശേഖരിച്ചു.