അമേഠിയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിൽ ആക്രമണം; വാഹനങ്ങൾ അടിച്ചു തകർത്തു, പിന്നിൽ ബിജെപിയെന്ന് ആരോപണം

ഉത്തര്‍പ്രദേശിലെ അമേഠിയിലുള്ള കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസ് അജ്ഞാതര്‍ ആക്രമിച്ചതായി റിപ്പോര്‍ട്ട്. ഞായറാഴ്‌ച അര്‍ധരാത്രിയോടെയാണ് ആക്രമണമുണ്ടായത്. ആക്രമികള്‍ ഓഫീസിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ അടിച്ചു തകര്‍ത്ത ശേഷം കടന്നുകളഞ്ഞു. ബിജെപി പ്രവര്‍ത്തകരാണ് ഓഫീസ് ആക്രമിച്ചത് എന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

എന്നാല്‍ സംഭവത്തില്‍ പ്രതികളെ ആരെയും പിടികൂടിയിട്ടില്ല. സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസ് അമേഠിയിലെ പ്രചാരണം സജീവമാകുന്നതിനിടെയാണ് ഓഫീസ് അജ്ഞാതര്‍ ആക്രമിക്കുന്ന സംഭവമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്ഥലത്ത് പ്രതിഷേധിച്ചു.

Read more

കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് പ്രദീപ് സിംഗൽ അമേഠിയിലെ പാർട്ടി ഓഫീസിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. സ്ഥലത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.