ധോണിക്ക് പകരം അവരെ ടീമിലെടുക്കുക, മുൻ നായകൻ ചെന്നൈയെ ചതിക്കുകയാണ് ചെയ്യുന്നത്; വമ്പൻ വിമർശനവുമായി ഹർഭജൻ സിംഗ്

ഐപിഎൽ 2024 ലെ ഇന്നലെ നടന്ന മത്സരത്തിൽ ഒമ്പതാം സ്‌ലോട്ടിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയതിന് എംഎസ് ധോണിയെ മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ് ആക്ഷേപിച്ചു. പന്ത് ടൈം ചെയ്യുന്നതിൽ ചെന്നൈ ബാറ്റർമാർ ഇന്നലെ പരാജയപ്പെട്ട സാഹചര്യത്തിൽ ധോണി നേരത്തെ ഇറങ്ങണമായിരുന്നു എന്നാണ്. ഗോൾഡൻ ഡക്കിന് പുറത്തായ ധോണിക്ക് ആകട്ടെ ഒന്നും ചെയ്യാനും സാധിച്ചില്ല.

വെറ്ററൻ താരം ഹർഷൽ പട്ടേലിൻ്റെ സ്ലോ ബോൾ റീഡ് ചെയ്യാൻ കഴിയാതെ ക്ലീൻ ബൗൾഡായി. ജഡേജ കളിച്ച സെനിസ്റബിൾ ഇന്നിംഗ്സ് ഇല്ലായിരുന്നു എങ്കിൽ മത്സരഫലം തന്നെ മറ്റൊന്ന് ആകുമായിരുന്നു. ധോണിയെക്കുറിച്ച് ഹർഭജൻ പറഞ്ഞത് ഇങ്ങനെയാണ്:

“ഒമ്പതാം നമ്പറിൽ ബാറ്റ് ചെയ്യണമെങ്കിൽ എംഎസ് ധോണി കളിക്കരുത്. അവനെക്കാൾ ഫാസ്റ്റ് ബൗളറെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തുന്നതാണ് നല്ലത്. ധോണിയാണ് ടീമിൽ തീരുമാനം എടുക്കുന്നത്. ബാറ്റ് ചെയ്യാൻ ഇറങ്ങേണ്ടത് അത്യാവശ്യം ആണെന്ന് അറിഞ്ഞിട്ടും അത് ചെയ്യാതെ ധോണി ടീമിനെ തളർത്തുകയാണ് ചെയ്തത്.” ഹർഭജൻ പറഞ്ഞു.

“ശാർദുൽ താക്കൂർ ധോണിയേക്കാൾ മുന്നിലെത്തി. അദ്ദേഹത്തിന് ഒരിക്കലും ധോണിയെപ്പോലെ ഷോട്ടുകൾ അടിക്കാൻ കഴിയില്ല, എന്തുകൊണ്ടാണ് ധോണി ഈ തെറ്റ് ചെയ്തതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അദ്ദേഹത്തിൻ്റെ അനുവാദമില്ലാതെ ഒന്നും സംഭവിക്കില്ല. ധോണിയ്‌ ചെയ്ത ഈ തെറ്റ് ഞാൻ അംഗീകരിക്കില്ല.”

“സിഎസ്‌കെക്ക് വേഗത്തിൽ റൺസ് ആവശ്യമായിരുന്നു, മുൻ കളികളിൽ ധോണി അത് ചെയ്തിട്ടുണ്ട്. പഞ്ചാബ് കിംഗ്‌സിനെതിരായ സുപ്രധാന മത്സരത്തിൽ അദ്ദേഹം പിന്നോട്ട് പോയത് ഞെട്ടിക്കുന്നതായിരുന്നു. ധോണി കാണിച്ചത് വമ്പൻ തെറ്റ് തന്നെയാണ് ” ഹർഭജൻ സിംഗ് സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു.

മത്സരത്തിലേക്ക് വന്നാൽ പഞ്ചാബിനെതിരെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തപ്പോൾ പഞ്ചാബിന് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 139 റൺസെടുക്കാനെ കഴിഞ്ഞിരുന്നുള്ളു.