സ്ത്രീധന പീഡനം; യുവതിയുടെ മരണത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

കോട്ടയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മണര്‍കാട് സ്വദേശി അര്‍ച്ചനയുടെ മരണത്തില്‍ ബിനുവിനെയാണ് അറസ്റ്റ് ചെയ്തത്. സ്ത്രീധന പീഡനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

സ്ത്രീധനത്തെച്ചൊല്ലി അര്‍ച്ചന മാനസിക, ശാരീരിക പീഡനം നേരിട്ടെന്ന പൊലീസ് കണ്ടെത്തലിനെ തുടര്‍ന്നാണ് ബിനുവിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രില്‍ 3 നാണ് ഭര്‍ത്താവിന്റെ വീട്ടില്‍ അര്‍ച്ചനയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ഭര്‍ത്താവിന്റെ വീട്ടിലെ കുളിമുറിയിലാണ് യുവതി തൂങ്ങിമരിച്ചത്. മരണത്തിന് കാരണം ഭര്‍ത്താവാണെന്നാണ് അര്‍ച്ചനയുടെ കുടുംബം ആരോപിക്കുന്നത്.

സ്ത്രീധനത്തിന്റെ പേരില്‍ ബിനു മകളെ പീഡിപ്പിച്ചിരുന്നെന്ന് അര്‍ച്ചനയുടെ മാതാപിതാക്കള്‍ പറഞ്ഞു. വ്യാപാര സ്ഥാപനം വിപുലപ്പെടുത്താനായി 25 ലക്ഷം രൂപ ബിനു അര്‍ച്ചനയുടെ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. സ്ഥലം വിറ്റ് പണം നല്‍കാന്‍ വീട്ടുകാര്‍ തീരുമാനിച്ചെങ്കിലും കോവിഡിനെ തുടര്‍ന്ന് അത് മുടങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് ബിനു അര്‍ച്ചനയെ ഉപദ്രവിച്ചിരുന്നെന്നും വീട്ടുകാര്‍ പറയുന്നു.

രണ്ടര വര്‍ഷം മുമ്പായിരുന്നു ഓട്ടോ കണ്‍സള്‍ട്ടന്റായ ബിനു അര്‍ച്ചനയെ വിവാഹം കഴിച്ചത്. സ്വത്തും സ്വര്‍ണവും വേണ്ടെന്ന് പറഞ്ഞായിരുന്നു വിവാഹം. പിന്നീട് ബിനുവും വീട്ടുകാരും പണമാവശ്യപ്പെട്ട് അര്‍ച്ചനയെ പീഡിപ്പിക്കുകയായിരുന്നെന്നും പലഘട്ടങ്ങളിലായി പണം നല്‍കിയിട്ടും കൂടുതല്‍ പണം ചോദിച്ച് ബിനു ഭാര്യയെ ഉപദ്രവിച്ചിരുന്നെന്നും അര്‍ച്ചനയുടെ കുടുംബം നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുണ്ട്.