നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ പരിശോധിക്കാൻ ദിലീപ് വിചാരണക്കോടതിയിൽ അപേക്ഷ നൽകി

 

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ പരിശോധിക്കാൻ ദിലീപ് വിചാരണക്കോടതിയിൽ അപേക്ഷ നൽകി. വീഡിയോ പരിശോധനക്കുള്ള വിദഗ്ധനെ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും ദിലീപിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അപേക്ഷ നൽകാൻ ദിലീപ് നേരിട്ട് ഹാജരായില്ല. പ്രതിഭാഗത്തിന് വീഡിയോ പരിശോധിക്കാൻ കഴിഞ്ഞ ദിവസം സുപ്രീംകോടതി അനുമതി നൽകിയിരുന്നു. ഇതിനു ശേഷം ഇതാദ്യമായാണ് ഇക്കാര്യം പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചത്. കേരളത്തിന് പുറത്ത് നിന്നുള്ള വിദഗ്‌ധനെയാണ് വീഡിയോ പരിശോധനയ്ക്കായി പരിഗണിക്കുന്നത്.

ഒരാഴ്ചക്കകം വിവരം അറിയിക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. അതിനിടെ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ ഒൻപതാം പ്രതി സനൽ കുമാറിന്റെ ജാമ്യക്കാരെ കോടതി വിളിച്ചുവരുത്തി. അടുത്തമാസം പത്താം തീയതിക്കുള്ളിൽ പ്രതിയെ കണ്ടെത്തി ഹാജരാക്കാൻ നിർദേശം നൽകി. അല്ലാത്തപക്ഷം പിഴയായി ഒരു ലക്ഷത്തി അറുപതിനായിരം രൂപ കോടതിയിൽ കെട്ടിവയ്ക്കേണ്ടി വരുമെന്നും ജാമ്യക്കാരെ അറിയിച്ചു. കേസ് വീണ്ടും അടുത്ത 11ന് പരിഗണിക്കും.