ഗ്രൂപ്പ് തര്‍ക്കത്തില്‍ കുടുങ്ങി കോണ്‍ഗ്രസ് പുനഃസംഘടന; പട്ടിക തയ്യാറാക്കാനാവാതെ കെ.പി.സി.സി

ഗ്രൂപ്പ് തര്‍ക്കം കാരണം പുനസംഘടനയ്ക്കുള്ള പട്ടിക തയ്യാറാക്കാനാവാതെ കെപിസിസി. പുനസംഘടനയ്ക്കുള്ള അന്തിമ തിയതി പ്രഖ്യാപിച്ചെങ്കിലും പട്ടിക ഇതുവരെ തയ്യാറായിട്ടില്ല. പുനസംഘടന പൂര്‍ത്തിയാക്കാന്‍ എല്ലാ മാസവും കെപിസിസി അവസാന തിയതി അറിയിക്കാറുണ്ട്.

എന്നാല്‍ ഡിസിസി തലത്തില്‍ നിന്ന് പുനസംഘടനയില്‍ ഉള്‍പ്പടേണ്ടവരുടെ പട്ടിക എത്തില്ല. തുടര്‍ന്ന് തീയതി പിന്നെയും നീട്ടും. ചര്‍ച്ച പിന്നെയും നീളും. മാസങ്ങളായി ഈ രീതി തുടരുകയാണ്. ഏറ്റവും ഒടുവില്‍ ആറു ജില്ലകളാണ് പട്ടിക നല്‍കിയിരിക്കുന്നത്.

ബാക്കിയുള്ളവര്‍ തരുന്ന മുറയ്ക്ക് പുനസംഘടന നടക്കും എന്നാണ് കെപിസിസി പ്രസിഡന്റ് പറയുന്നത്. ഗ്രൂപ്പ് തര്‍ക്കമാണ് ഡിസിസി ഭാരവാഹിളുടെ പട്ടിക തയ്യാറാക്കുന്നതിന് തടസം. അതേസമയം മഹിളാ കോണ്‍ഗ്രസ്, കെ.എസ്.യു ഭാരവാഹികളുടെ പട്ടിക അനുമതിക്കായി എഐസിസിക്ക് കൈമാറി.

Read more

എന്നാല്‍ കെഎസ്‌യുവിന്റെ പുതിയ നിരയെ പ്രഖ്യാപിച്ചിട്ടും സഹഭാരവാഹികളെ തീരുമാനിക്കാന്‍ കഴിഞ്ഞിട്ടില്ല. പട്ടിക എഐസിസിക്ക് നല്‍കിയെന്ന് കെപിസിസി അധ്യക്ഷന്‍ പറയുന്നു. പുനസംഘടന നടത്താത്തതിനാല്‍ സര്‍ക്കാരിനെതിരായ സമരങ്ങള്‍ പോലും താഴേത്തട്ടില്‍ എത്തിക്കാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ലെന്ന് കോണ്‍ഗ്രസില്‍ വിമര്‍ശനമുണ്ട്.