ഇംഗ്ലണ്ട് വനിത ടീമിനെതിരായ ആദ്യ ടി20യിൽ സെഞ്ച്വറി നേടിയതോടെ രോഹിത് ശർമ്മയും വിരാട് കോഹ്ലിയും ഉൾപ്പെട്ട റെക്കോഡ് ലിസ്റ്റിൽ ഇടംപിടിച്ച് സ്മൃതി മന്ദാന. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യിൽ 62 പന്തുകളിൽ 112 റൺസാണ് സ്മൃതി നേടിയത്. 15 ഫോറും മൂന്ന് സിക്സും ഉൾപ്പെടുന്ന ഇന്നിങ്സായിരുന്നു താരം കാഴ്ചവച്ചത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 211 റൺസ് വിജയലക്ഷ്യത്തിന് മറുപടിയായി 113 റൺസെടുക്കാനെ ഇംഗ്ലണ്ട് വനിതകൾക്കായുളളൂ.
ടി20യിലും സെഞ്ച്വറി നേടിയതോടെ മൂന്ന് ഫോർമാറ്റുകളിൽ സെഞ്ച്വറി നേടിയിരിക്കുകയാണ് സ്മൃതി. വനിത ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റുകളിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്റായിരിക്കുകയാണ് സ്മൃതി മന്ദാന. കൂടാതെ മൂന്ന് ഫോർമാറ്റുകളിൽ സെഞ്ച്വറി നേടിയ താരങ്ങളിൽ വിരാട് കോഹ്ലി, രോഹിത് ശർമ്മ, സുരേഷ് റെയ്ന, കെഎൽ രാഹുൽ, ശുഭ്മാൻ ഗിൽ എന്നിവർ ഉൾപ്പെട്ട ലിസ്റ്റിലും സ്മൃതി ഇടംപിടിച്ചു.
Read more
സ്മൃതി മന്ദാനയ്ക്ക് പുറമെ ഹർലീൻ ഡിയോൾ(43), ഷെഫാലി വർമ്മ(20) എന്നിവരും ഇന്ത്യൻ ടീമിനായി സ്കോർ ചെയ്തു. ബോളിങ്ങിൽ ഇന്ത്യയ്ക്കായി നാല് വിക്കറ്റെടുത്ത് ശ്രീ ചരണിയാണ് ഇംഗ്ലണ്ടിനെ തകർത്തത്. അഞ്ച് മത്സരങ്ങളാണ് ഇന്ത്യ- ഇംഗ്ലണ്ട് വനിത ടി20യിൽ ഉളളത്. ഇംഗ്ലണ്ടാണ് ടി20 പരമ്പരയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്