ഐപിഎലിൽ രാജസ്ഥാൻ റോയൽസിനായി നിർണായക മത്സരങ്ങളിൽ തിളങ്ങാതിരുന്നതോടെ ആരാധകരിൽ നിന്നും വലിയ വിമർശനമേറ്റു വാങ്ങിയ താരമാണ് ഷിമ്രോൺ ഹെറ്റ്മെയർ. ഫിനിഷറായി ടീമിൽ ഉൾപ്പെടുത്തിയിരുന്ന താരം ചില പ്രധാന മത്സരങ്ങളിൽ ടീമിനെ ജയിപ്പിക്കാതിരുന്നതോടെ രാജസ്ഥാൻ ടീം ടൂർണമെൻറിൽ പിന്നിലായി. ഐപിഎല്ലിൽ നിരാശപ്പെടുത്തിയ താരം ഇപ്പോൾ അമേരിക്കയിൽ നടക്കുന്ന മേജർ ലീഗ് ക്രിക്കറ്റിൽ തിളങ്ങിയിരിക്കുകയാണ്. അമേരിക്കൻ ലീഗിലെ ഏറ്റവും ആവേശകരമായ ഫിനിഷിങ്ങാണ് ഹെറ്റ്‌മെയർ കാഴ്ചവച്ചിരിക്കുന്നത്.
മേജർ ലീഗ് ക്രിക്കറ്റിൽ സിയാറ്റിൽ ഓർക്കസ് ടീം താരമാണ് ഹെറ്റ്മെയർ. എംഐ ന്യൂയോർക്കിനെതിരായ മത്സരത്തിലാണ് അവസാന പന്തിൽ സിക്സർ നേടി ഹെറ്റി തന്റെ ടീമിനെ വിജയത്തിലെത്തിച്ചത്. കീറോൺ പൊള്ളാർഡിന്റെ പന്തിലായിരുന്നു ഹെറ്റ്മെയറിന്റെ മിന്നൽ ഫിനിഷിങ്. എം ഐ ന്യൂയോർക്ക് ഉയർത്തിയ 238 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓർക്കസ് ടീമിനായി ആറാമനായി ഇറങ്ങി 40 പന്തിൽ പുറത്താകാതെ 97 റൺസാണ് ഹെറ്റ്മെയർ എടുത്തത്.
Read more
മത്സരത്തിൽ മൂന്ന് വിക്കറ്റ് ജയമാണ് ഹെറ്റ്മെയറിന്റെ ടീം നേടിയത്. നിക്കോളാസ് പുരാൻ നേടിയ സെഞ്ച്വറിയുടെ പിൻബലത്തിലാണ് കളിയിൽ എംഐ ന്യൂയോർക്ക്, സിയാറ്റിൽ ഓർക്കസിനെതിരെ 237 റൺസടിച്ചത്. എന്നാൽ മറുപടി ബാറ്റിങ്ങിൽ ഹെറ്റ്മെയർ കളിയിൽ നിറഞ്ഞാടിയതോടെ വിജയം സിയാറ്റിൽ ഓർക്കസ് ടീമിനൊപ്പമായി.