ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിന് ഒരുങ്ങുമ്പോൾ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാളിനെ കാത്തിരിക്കുന്നത് ഒരു അപൂർവ്വ നേട്ടം. ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേടി തിളങ്ങിയ ജയ്സ്വാൾ മികച്ച ബാറ്റിങ് പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ ഇന്നിങ്സിൽ തിളങ്ങിയെങ്കിലും രണ്ടാം ഇന്നിങ്സിൽ താരം കുറഞ്ഞ സ്കോറിൽ പുറത്തായി. തന്റെ കരിയറിലെ അഞ്ചാം സെഞ്ച്വറിയാണ് ഇംഗ്ലണ്ടിനെതിരെ ജയ്സ്വാൾ നേടിയത്. ജൂലൈ രണ്ട് മുതൽ ആറ് വരെ ബിർമിങ്ഹാമിലെ എഡ്ജ്ബാസ്റ്റൺ സ്റ്റേഡിയത്തിൽ വച്ചാണ് രണ്ടാം ടെസ്റ്റ്.
എഡ്ജ്ബാസ്റ്റണിൽ 97 റൺസ് കൂടി നേടാനായാൽ 49 വർഷം പഴക്കമുള്ളൊരു റെക്കോഡാണ് ജയ്സ്വാളിന് മറികടക്കാനാവുക. ഇന്ത്യൻ ഇതിഹാസം സുനിൽ ഗാവസ്‌കറുടെ പേരിലാണ് വർഷങ്ങളായി ഈ റെക്കോഡുളളത്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ രണ്ടായിരം റൺസ് നേടുന്ന ഇന്ത്യൻ ബാറ്റർ എന്ന റെക്കോർഡ് ആണിത്. 23കാരനായ ജയ്‌സ്വാൾ നിലവിൽ 20 ടെസ്റ്റിലെ 38 ഇന്നിങ്സിൽ നിന്നായി അഞ്ച് സെഞ്ച്വറികളും 10 അർധസെഞ്ച്വറികളും ഉൾപ്പെടെ 1903 റൺസാണ് നേടിയത്.
Read more
23 ടെസ്റ്റുകളിൽ നിന്നാണ് സുനിൽ ഗവാസ്കർ 1976ൽ 2000 റൺസ് നേടിയത്. തന്റെ 23ാം വയസിലായിരുന്നു അദ്ദേഹം ഈ നേട്ടത്തിൽ എത്തിയത്. ഇന്ത്യയുടെ മുൻ താരങ്ങളായ ഗൗതം ഗംഭീർ 24 ടെസ്റ്റിലും രാഹുൽ ദ്രാവിഡും വിരേന്ദർ സെവാഗും 25 ടെസ്റ്റിലും രണ്ടായിരം റൺസ് ക്ലബിൽ എത്തി. ഇംഗ്ലണ്ടിനെതിരെ അടുത്ത ടെസ്റ്റിൽ സുനിൽ ഗവാസ്കറുടെ റെക്കോഡ് മറികടക്കാൻ ജയ്സ്വാളിന് സാധിക്കുമെന്ന് തന്നെയാണ് ആരാധകർ കരുതുന്നത്. 15 ഇന്നിങ്സുകളിൽ നിന്ന് 2000 റൺസ് നേടിയ ഡോൺ ബ്രാഡ്മാനാണ് ടെസ്റ്റ് ക്രിക്കറ്റിൽ എറ്റവും വേഗത്തിൽ ഈ നേട്ടത്തിലെത്തിയ താരം.