ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ചരിത്രനേട്ടവുമായി ട്രാവിസ് ഹെഡ്, ഇന്ത്യൻ താരങ്ങൾക്ക് ആർക്കുമില്ലാത്ത റെക്കോഡ് ഓസീസ് താരത്തിന്

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ കളിയിലെ താരമായതോടെ ചരിത്രനേട്ടത്തിൽ എത്തി ഓസ്ട്രേലിയൻ ബാറ്റർ ട്രാവിസ് ഹെഡ്. മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ 159 റൺസിന് പരാജയപ്പെടുത്തിയാണ് ഓസ്ട്രേലിയ ജയിച്ചുകയറിയത്. മൂന്നാം ദിവസം ഓസ്ട്രേലിയ ഉയർത്തിയ 301 റൺസ് വിജയലക്ഷ്യത്തിന് മറുപടിയായി 141 റൺസിൽ വെസ്റ്റ് ഇൻഡീസ് ഓൾഔട്ടായി. ആദ്യ ടെസ്റ്റിൽ രണ്ട് ഇന്നിങ്സുകളിലും ട്രാവിസ് ഹെഡ് അർധ സെഞ്ച്വറി നേടിയിരുന്നു.

ഇത്തവണയും കളിയിലെ താരമായതോടെ ടെസ്റ്റ് ചാംപ്യൻഷിപ്പിൽ 10 പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരങ്ങൾ നേടുന്ന ആദ്യ താരമായിരിക്കുകയാണ് ഓസീസ് ബാറ്റർ. ടെസ്റ്റ് ചാംപ്യൻഷിപ്പിലെ തന്റെ 50-ാം മത്സരത്തിലാണ് ഹെഡിന്റെ ചരിത്ര നേട്ടം. ആദ്യ ഇന്നിങ്സിൽ 59 റൺസും രണ്ടാം ഇന്നിങ്സിൽ 61 റൺസുമാണ് ട്രാവിസ് ഹെഡ് നേടിയത്.

Read more

ഓസ്ട്രേലിയയെ ആദ്യ ഇന്നിങ്സിൽ 180 റൺസിന് വെസ്റ്റ് ഇൻഡീസ് പുറത്താക്കിയിരുന്നു. എന്നാൽ രണ്ടാം ഇന്നിങ്സിൽ‌ 310 റൺസടിച്ച് ഓസീസ് മത്സരത്തിൽ തിരിച്ചുവന്നു. ഹെഡിന് പുറമെ രണ്ടാമിന്നിങ്സിൽ ഓസീസിനായി വെബ്സ്റ്റർ (63), അലക്സ് ക്യാരി
(65) തുടങ്ങിയവരും അർധസെഞ്ച്വറി നേടി. രണ്ടാമിന്നിങ്സിൽ അഞ്ച് വിക്കറ്റ് നേടിയ ജോഷ് ഹേസൽവുഡാണ് ഓസ്ട്രേലിയയെ വിജയത്തിൽ എത്തിച്ചത്.