IND VS ENG: ബുംറ വിക്കറ്റുകൾ നേടാതിരുന്നത് എന്ത് കൊണ്ടാണെന്ന് എനിക്ക് അറിയാം, ആ കാരണം ഇല്ലായിരുന്നെങ്കിൽ ഇംഗ്ലണ്ട് തീർന്നേനെ: മുഹമ്മദ് കൈഫ്‌

ഇംഗണ്ടിനെതിരെ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയിരിക്കുന്നു. അഞ്ച് വിക്കറ്റുകൾക്കാണ് ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടത്. മത്സരത്തിൽ പൂർണാധിപത്യത്തിൽ നിന്നത് ഇന്ത്യയായിരുന്നെങ്കിലും രണ്ടാം ഇന്നിങ്സിലെ താരങ്ങളുടെ മോശമായ ബോളിങ് പ്രകടനം ഇന്ത്യക്ക് തിരിച്ചടിയായി. ഇതോടെ പരമ്പര ഇംഗ്ലണ്ട് ലീഡ് ചെയ്യുകയാണ്.

മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ ജസ്പ്രീത് ബുംറയ്ക്ക് വിക്കറ്റുകൾ നേടാൻ സാധിച്ചിരുന്നില്ല. അദ്ദേഹം എന്ത് കൊണ്ടാണ് വിക്കറ്റുകൾ നേടാതിരുന്നതെന്നും, അടുത്ത മത്സരത്തിൽ ഇന്ത്യ കൊണ്ട് വരേണ്ട മാറ്റങ്ങളെ കുറിച്ചും സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്‌.

മുഹമ്മദ് കൈഫ്‌ പറയുന്നത് ഇങ്ങനെ:

“എന്ത് കൊണ്ടാണ് ബുംറക്ക് രണ്ടാം ഇന്നിങ്‌സിൽ വിക്കറ്റൊന്നും നേടാൻ കഴിയാതിരുന്നത്. ഇംഗ്ലീഷ് ബാറ്റർമാർ പ്രതിരോധത്തിൽ ഊന്നിക്കളിച്ചു. പ്രസിദ്ധ് കൃഷ്ണയേയും ഷർദുൽ താക്കൂറിനേയും അവർ തല്ലിപ്പരത്തി. ഇംഗ്ലണ്ടിന്റെ ഗെയിം പ്ലാനുകൾ കൃത്യമായിരുന്നു”

മുഹമ്മദ് കൈഫ്‌ തുടർന്നു:

“ആളുകൾ പറയുന്നത് സിറാജ് നന്നായി പരിശ്രമിക്കുന്നു, അയാൾ ഹൃദയം കൊണ്ട് പന്തെറിയുന്നു എന്നൊക്കെയാണ്. എന്നാൽ ഹൃദയം കൊണ്ടല്ല മനസ് കൊണ്ടാണ് പന്തെറിയേണ്ടത്. അപ്പോഴേ ലൈനും ലെങ്തും കൃത്യമായി ലഭിക്കൂ” മുഹമ്മദ് കൈഫ് പറഞ്ഞു.