IND VS ENG: ഗംഭീർ മോനെ, ഇങ്ങനെ പോയാൽ നിന്റെ കാര്യത്തിൽ തീരുമാനമാകും: ആകാശ് ചോപ്ര

ഇംഗണ്ടിനെതിരെ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയിരിക്കുന്നു. അഞ്ച് വിക്കറ്റുകൾക്കാണ് ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടത്. മത്സരത്തിൽ പൂർണാധിപത്യത്തിൽ നിന്നത് ഇന്ത്യയായിരുന്നെങ്കിലും രണ്ടാം ഇന്നിങ്സിലെ താരങ്ങളുടെ മോശമായ ബോളിങ് പ്രകടനം ഇന്ത്യക്ക് തിരിച്ചടിയായി. ഇതോടെ പരമ്പര ഇംഗ്ലണ്ട് ലീഡ് ചെയ്യുകയാണ്.

വൈറ്റ് ബോളിൽ പരിശീലകനായ ഗൗതം ഗംഭീറിന്റെ കീഴിൽ ഇന്ത്യക്ക് മികച്ച വിജയങ്ങൾ ഉണ്ടെങ്കിലും ടെസ്റ്റിൽ അത്തരം വിജയങ്ങൾ കുറവാണ്. ഗംഭീർ ആവശ്യപ്പെട്ട കാര്യങ്ങൾ എല്ലാം തന്നെ ഇന്ത്യ നൽകിയെന്നും, ഇനി അതിനുള്ള റിസൾട്ട് കാണുന്നില്ലെന്നും വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ആകാശ് ചോപ്ര

ആകാശ് ചോപ്ര പറയുന്നത് ഇങ്ങനെ:

” ഇന്ത്യൻ ക്രിക്കറ്റിന്റെ അടിസ്ഥാന തത്ത്വമെന്നത് വിജയങ്ങളിൽ എല്ലാവരും ചേർന്ന് ആഘോഷിക്കുക എന്നതാണ്. എന്നാൽ പരാജയങ്ങളിൽ വിമർശനങ്ങൾ നേരിടണം. ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ശുഭ്മൻ ​ഗിൽ ഏറ്റെടുത്തതെയുള്ളൂ. ഒരു വിലയിരുത്തിലിന് കാത്തിരിക്കണം. ശുഭ്മൻ ​ഗില്ലിന്റെ നായകമികവ് മനസിലാക്കാൻ സമയമെടുക്കും”

ആകാശ് ചോപ്ര തുടർന്നു:

​’മറുവശത്ത് പരിശീലകൻ ​ഗൗതം ​ഗംഭീറിനുമേൽ സമ്മർദ്ദം ഉയരുകയാണ്. ടെസ്റ്റ് ക്രിക്കറ്റിലും വൈറ്റ് ബോൾ ക്രിക്കറ്റിലും ​ഗംഭീറിന്റെ മികവ് പരിശോധിക്കാം. വൈറ്റ് ബോളിൽ ഇന്ത്യൻ ടീം മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുന്നു. എന്നാൽ ടെസ്റ്റിൽ വെറും മൂന്ന് മത്സരങ്ങൾ മാത്രമാണ് ​ഗംഭീർ വിജയിച്ചത്. ഏഴ് മത്സരങ്ങളിൽ ​പരാജയപ്പെട്ടു. തുടർച്ചയായി ​ഗംഭീർ പരാജയം നേരിടുകയാണ്” ആകാശ് ചോപ്ര പറഞ്ഞു.