'ഉപകരണ ക്ഷാമം ഒരു വർഷം മുമ്പ് തന്നെ ആരോഗ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നു'; വിശദീകരിച്ച് ഡോ. ഹാരിസ് ചിറയ്ക്കൽ, പിന്തുണയുമായി ഡോകർമാർ, അനങ്ങാതെ ആരോഗ്യവകുപ്പ്

മെഡിക്കൽ കോളേജിൽ ചികിത്സാ പ്രതിസന്ധിയുണ്ടെന്നും രോഗികൾക്ക് ചികിത്സ ലഭിക്കുന്നില്ലെന്നുമുള്ള വിവരം ആരോഗ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നുവെന്ന് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കൽ. ഞാൻ പറഞ്ഞതെല്ലാം പരമാർത്ഥമാണെന്നും ഉപകരണ ക്ഷാമം കാരണമുള്ള പ്രതിസന്ധികളെ കുറിച്ച് മേലധികാരികളെ നേരത്തെ തന്നെ കൃത്യമായി അറിയിച്ചിരുന്നുവെന്നും ഡോ. ഹാരിസ് ചിറയ്ക്കൽ മാധ്യമങ്ങളോട് വിശദീകരിച്ചു.

ഉപകരണക്ഷാമം സൂപ്രണ്ടിനെയും പ്രിൻസിപ്പാളിനെയും അറിയിച്ചിരുന്നു. എല്ലാ വിഭാഗങ്ങളിലും പ്രശ്നമുണ്ട്. ഒരു വർഷം മുമ്പ് തന്നെ ആരോഗ്യമന്ത്രിയുടെ ഓഫീസിനെ വിവരം അറിയിച്ചു. ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ കണ്ട് വിവരങ്ങൾ അറിയിച്ചു. മുൻ പ്രിൻസിപ്പാളിനൊപ്പമാണ് ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കണ്ടത്. പിന്നീട് ആരും വിഷയം സംസാരിച്ചിട്ടില്ല. പലരോടും ഈ വിവരങ്ങൾ പറഞ്ഞിട്ടും കാര്യമുണ്ടായില്ല. ആരോഗ്യ മന്ത്രിക്ക് ഒരു പക്ഷേ അറിയില്ലായിരിക്കാം.

Read more

രോഗികൾ നേരിടുന്ന പ്രശ്നമാണ് പ്രധാനം. ഒരുപാട് രോഗികൾ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നുണ്ട്. പലപ്പോഴും രോഗികൾ തന്നെ ഉപകരണം വാങ്ങി തരുന്ന സ്ഥിതിയുണ്ട്. ശസ്ത്രക്രിയാ ഉപകരണങ്ങൾക്കും സൗകര്യങ്ങൾക്കും വേണ്ടി ഇരക്കേണ്ടി വരുന്നു. മാർച്ചിൽ ഈ ഉപകരണത്തിനായി കത്ത് നല്കിയിരുന്നു. ശസ്ത്രക്രിയ മുടങ്ങുമെന്നും അറിയിച്ചിരുന്നു. നടപടിയുണ്ടായില്ല.