ചുഴലിക്കാറ്റ്: മഴയ്ക്ക് സാധ്യത

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറില്‍ തീവ്ര ചുഴലിക്കാറ്റായി മാറുമെന്നും തുടര്‍ന്നുള്ള 24 മണിക്കൂറില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കേരളത്തില്‍ ഏപ്രില്‍ 29, 30 തിയതികളില്‍ വിവിധയിടങ്ങളില്‍ മഴയ്ക്കും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവത്തില്‍ കേരളത്തില്‍ ഏപ്രില്‍ 29, 30 തിയതികളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗത്തിലും ചിലപ്പോള്‍ 60 കിലോമീറ്റര്‍ വരെ വേഗത്തിലും കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഈ കാലയളവില്‍ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും തെക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിലും കേരള തീരത്തും മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്‍കി. ആഴക്കടലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ തീരത്ത് തിരിച്ചെത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.