നിഷാ പുരുഷോത്തമന് എതിരായ സൈബർ അധിക്ഷേപം; ദേശാഭിമാനി ജീവനക്കാരൻ അടക്കം അറസ്റ്റിൽ

മാധ്യമ പ്രവർത്തകർക്ക് എതിരെ സമൂഹ മാധ്യമങ്ങളിൽ സൈബർ അധിക്ഷേപം നടത്തിയ കേസിൽ രണ്ട് പേരെ സൈബർ സെൽ അറസ്റ്റ് ചെയ്തു. മാധ്യമപ്രവർത്തകർക്കെതിരെ വ്യക്തിപരമായ വ്യാജപ്രചാരണവും അധിക്ഷേപവും നടത്തിയ ദേശാഭിമാനിയിലെ ജീവനക്കാരനായ വിനീത്, കൊല്ലം സ്വദേശി ജയജിത്ത് എന്നിവരാണ് അറസ്റ്റിലായത്. പൊലീസ് ഇവരുടെ ഫോണുകൾ പിടിച്ചെടുത്ത ശേഷം കോടതിയിൽ ഹാജരാക്കി ഉടൻ ജാമ്യം നൽകി എന്ന് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു.

മനോരമ ന്യൂസിലെ വാർത്ത അവതാരക നിഷാ പുരുഷോത്തമൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റുണ്ടായിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെ ജി കമലേഷ് നൽകിയ പരാതി സൈബർ സെൽ വട്ടിയൂർക്കാവ് പൊലീസിന് കൈമാറിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പരാതി നൽകി ഒന്നര മാസത്തിന് ശേഷമാണ് അറസ്റ്റുണ്ടാകുന്നത്.

Read more

മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യങ്ങൾ ചോദിച്ചതിന്‍റെ പേരിലാണ് ഏഷ്യാനെറ്റ് ന്യൂസ് റീജ്യണൽ എഡിറ്റർ ആർ അജയഘോഷിനും തിരുവനന്തപുരം ബ്യൂറോ ചീഫ് കെ ജി കമലേഷിനും മനോരമ ന്യൂസിലെ മാധ്യമപ്രവർത്തക നിഷാ പുരുഷോത്തമനും ജയ്ഹിന്ദ് ടി.വിയിലെ മാധ്യമപ്രവർത്തക പ്രമീളാ ഗോവിന്ദിനുമെതിരെ പ്രതികൾ സൈബർ അധിക്ഷേപം നടത്തിയത്.