കോവിഡ്-19, നിരീക്ഷണത്തിലായിരുന്ന വിദ്യാര്‍ത്ഥിനിക്ക് നേരെ ആക്രമണം; കർശന നടപടിയെന്ന് മുഖ്യമന്ത്രി

പത്തനംത്തിട്ട ജില്ലയിലെ തണ്ണിത്തോട് കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി നിരീക്ഷണത്തിലിരിക്കുന്ന വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയവര്‍ക്കെതിരെ ദാക്ഷിണ്യമില്ലാത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിരീക്ഷണത്തിലായിരുന്ന വിദ്യാര്‍ത്ഥിനിയുടെ വീടിന് നേരെ നടന്ന ആക്രമണം ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

വിദ്യാര്‍ത്ഥിനിക്ക് നേരെ മാത്രമല്ല, വീട്ടുകാര്‍ക്കെതിരെയും സമൂഹ മാധ്യമങ്ങളില്‍ നേരത്തേ പ്രചാരണം നടന്നിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന് നേര്‍ക്ക് വധഭീഷണി വരെ ഉയര്‍ത്തുന്ന നിലയുണ്ടായി. ഇതിന് പിന്നാലെ ജീവന് സംരക്ഷണം നല്‍കണം എന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഇതിനുള്ള പ്രതികാരമായാണ് ആക്രമണം നടന്നത് എന്നാണ് സൂചന. ഇത്തരം പ്രവൃത്തികൾ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ഇത്തരം പ്രവൃത്തികൾക്കെതിരെ നാടും നാട്ടുകാരും രംഗത്ത് വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരെ ഒറ്റപ്പെടുത്തണം. നാടിന്‍റെ ജാഗ്രത ഉണരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.