വികസനപ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശ സ്ഥാപനങ്ങള്‍ ഭൂമിയും സാധനങ്ങളും പണവും സേവനവും സംഭാവനയായി വാങ്ങുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ആറാം സംസ്ഥാന ധനകാര്യ കമ്മിഷന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപന പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും തദ്ദേശ വകുപ്പ് കഴിഞ്ഞ ദിവസം അയച്ച പ്രത്യേക സര്‍ക്കുലറിലാണു സംഭാവനകളുടെ സാധ്യതകള്‍ തേടാന്‍ നിര്‍ദേശിച്ചിത്. സംഭാവന വാങ്ങി ഉപയോഗിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പ്രകടനം വര്‍ഷംതോറും വിലയിരുത്തുമെന്നും മികച്ച സ്ഥാപനങ്ങളെ തിരഞ്ഞെടുക്കാന്‍ ഇതും മാനദണ്ഡമാക്കുമെന്നും സര്‍ക്കാര്‍ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്. സ്‌കൂളുകള്‍, ആശുപത്രികള്‍, അങ്കണവാടികള്‍, മറ്റു ക്ഷേമസ്ഥാപനങ്ങള്‍ തുടങ്ങിയവയിലെ സൗകര്യങ്ങള്‍ കൂട്ടുന്നതിലും വെള്ളം, റോഡ്, കളിസ്ഥലം, പാര്‍ക്ക് തുടങ്ങിയ പദ്ധതികളിലും സംഭാവനയ്ക്കു വലിയ സാധ്യതയുണ്ടെന്നും ഇതിനായി കര്‍മപദ്ധതി തയാറാക്കി പ്രചാരണം നടത്തണമെന്നുമായിരുന്നു ഇടത് സര്‍ക്കാരിന്റെ സര്‍ക്കുലര്‍.
ഈ സര്‍ക്കുലര്‍ സംബന്ധിച്ചാണ് വിവാദമുയരുന്നത്. ഇത്തരത്തില്‍ പിരിവ് നടത്തുന്നത് ജനാധിപത്യ വിരുദ്ധമെന്നാണ് പ്രതിപക്ഷമായ കോണ്‍ഗ്രസ് പറയുന്നത്. യാതൊരു വ്യക്തതയും ഇല്ലാതെ ഇത്തരത്തില്‍ പിരിവ് നടത്തുന്നതും ക്രൗഡ് ഫണ്ടിങ് സംവിധാനം നടപ്പിലാക്കുന്നതും ജനാധിപത്യത്തിനു നിരക്കുന്നതല്ലെന്നാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. നികുതി ഉള്‍പ്പെടെ ജനങ്ങളില്‍നിന്നു പിരിക്കുന്ന പണം തുല്യമായി വികസനപ്രവര്‍ത്തനങ്ങള്‍ക്കു നല്‍കുക എന്നതാണ് സര്‍ക്കാര്‍ സംവിധാനം നടത്തേണ്ടത്. അല്ലാതെ നടത്തുന്ന ഇത്തരം പിരിവ് സര്‍ക്കാരിന്റെ ഉത്തരവാദിത്തവും വിശ്വാസ്യതയും ഇല്ലാതാക്കുമെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
ജനങ്ങള്‍ സ്വമേധയാ തരുന്ന സംഭാവന സ്വീകരിക്കുന്നത് നല്ല കാര്യമാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറയുന്നു. കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് അടക്കം ഉപയോഗിക്കാമെന്നും സ്‌കൂള്‍, ആശുപത്രികള്‍ തുടങ്ങിയവയുടെ വികസനത്തിനായി ഫണ്ട് ഉപയോഗിക്കാമെന്നും അത്തരം സംഭാവനകള്‍ നല്‍കുന്നത് പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നുമാണ് ധനമന്ത്രിയുടെ നിലപാട്.
ജനങ്ങള്‍, സന്നദ്ധസംഘടനകള്‍ എന്നിവയില്‍നിന്നുള്ള സംഭാവനയും സ്പോണ്‍സര്‍ഷിപ്പും ബിസിനസ്വ്യവസായ സ്ഥാപനങ്ങളുടെ സാമൂഹികപ്രതിബദ്ധത (സിഎസ്ആര്‍) ഫണ്ട്, റോഡുകള്‍ക്കും ഭവനപദ്ധതികള്‍ക്കുമായി സൗജന്യ ഭൂമി, ആശുപത്രി മാനേജിങ് കമ്മിറ്റിക്കും സ്‌കൂളിനും പിടിഎ, പൂര്‍വവിദ്യാര്‍ഥി സംഘടന വഴി ലഭിക്കുന്ന സംഭാവന, ശ്രമദാനം പോലുള്ള യുവാക്കളുടെ സന്നദ്ധപ്രവര്‍ത്തനം, അക്കാദമിക സ്ഥാപനങ്ങളില്‍നിന്നുള്ള പ്രൊഫഷനല്‍ സേവനം തുടങ്ങിയവ സ്വീകരിക്കാമെന്നാണ് സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നത്. കൃത്യമായി രസീത് നല്‍കി ഇടനിലക്കാരില്ലാതെ വേണം സ്വീകരിക്കാനെന്നും ആദായനികുതി, കരാര്‍ നിയമങ്ങള്‍ക്കും വിദേശ സംഭാവന നിയന്ത്രണ നിയമത്തിനും അനുസരിച്ചാണോ സംഭാവനയെന്ന് ഉറപ്പാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.
തദ്ദേശ സ്ഥാപനങ്ങള്‍ ഓരോ വര്‍ഷവും വാര്‍ഷിക പദ്ധതി രൂപീകരണത്തിനു മുന്നോടിയായി സംഭാവനകള്‍ സമാഹരിക്കുന്നതിനുള്ള കര്‍മ്മ പരിപാടിക്ക് രൂപം നല്‍കണം. ഏത് ആവശ്യങ്ങള്‍ക്കാണ് സംഭാവനയ്ക്ക് സാധ്യതയുള്ളത്. പണമായാണോ സാധന സാമഗ്രികളായാണോ സ്ഥലമായാണോ, പ്രഫഷനല്‍ സേവനമായാണോ സംഭാവന സ്വീകരിക്കേണ്ടത്, ആരില്‍ നിന്നൊക്കെ സംഭാവനകള്‍ സ്വീകരിക്കാം, പണമായി സ്വീകരിക്കുന്ന തുക ചെലവഴിക്കുന്നതിനുള്ള സമയക്രമം തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങളില്‍ ആശയ വ്യക്തത ഉണ്ടാക്കണം. ലഭ്യമാകാന്‍ സാധ്യതയുള്ള സംഭാവനകള്‍ ബന്ധപ്പെട്ട പ്രോജക്ടുകളുടെ ഭാഗമാക്കുകയും സംഭാവനകളുടെയും പ്രോജക്ടുകളുടെയും വിശദാംശങ്ങള്‍ വാര്‍ഷിക പദ്ധതിരേഖയില്‍ ഉള്‍ക്കൊള്ളിക്കണമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. ഇതിന് അനുസൃതമായി പൊതുജനങ്ങളില്‍ നിന്നും സംഭാവനകള്‍ സ്വീകരിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനതലത്തില്‍ കേരള പിറവി ദിനം പോലെ സവിശേഷ ദിനങ്ങളില്‍ വിപുലമായ ക്യാംപെയിന്‍ സംഘടിപ്പിക്കണം.
Read more
പണമായി ലഭിക്കുന്ന സംഭാവനകള്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഫണ്ടില്‍ വരവ് വയ്ക്കണം. ലഭിച്ച സംഭാവനകളുടെ വിശദാംശങ്ങള്‍ ഗ്രാമസഭ വാര്‍ഡ് കമ്മിറ്റിയില്‍ അവതരിപ്പിച്ച് തദ്ദേശഭരണ സ്ഥാപനത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം. ഒരു പ്രത്യേക ആവശ്യത്തിനായി സമാഹരിച്ച സംഭാവന അതേ ആവശ്യത്തിന് മാത്രമായി വിനിയോഗിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. സംഭാവനകള്‍ സമാഹരിക്കുന്നതിലും അവ ഉപയോഗിക്കുന്നതിലും തദ്ദേശഭരണ സ്ഥാപനങ്ങളിലെ പെര്‍ഫോമന്‍സ് സര്‍ക്കാര്‍ എല്ലാ വര്‍ഷവും വിലയിരുത്തും. മികച്ച തദ്ദേശ സ്ഥാപനങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ സംഭാവനകളുടെ സമാഹരണവും ഉപയോഗവും സൂചകമായി പരിഗണിക്കുകയും ചെയ്യും. കേരള സോഷ്യല്‍ ഓഡിറ്റി സൊസൈറ്റി തദ്ദേശ സ്ഥാപനങ്ങളുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ ഓഡിറ്റ് നടത്തണമെന്നും വാര്‍ഷിക റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.