ഉമ്മൻ ചാണ്ടി നവീകരണോൽഘാടനം നിർവഹിച്ച പാർക്ക്, വീണ്ടും നവീകരിച്ചശേഷം ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ ക്രെഡിറ്റിലാക്കിയതായി ആക്ഷേപം. ഉമ്മൻ ചാണ്ടിയുടെ പേരുണ്ടായിരുന്ന കണ്ണൂർ പയ്യാമ്പലത്തെ നടപ്പാതയുടെ ഉദ്ഘാടന ശിലാഫലകം, ഡിടിപിസി എടുത്തുമാറ്റി. പകരം പിഎ മുഹമ്മദ് റിയാസിന്റെ പേരിലുള്ള ഫലകം സ്ഥാപിച്ചു.
ഫലകം വെക്കാൻ സ്ഥലമില്ലാത്തത് കൊണ്ടാണ് പഴയത് മാറ്റിയതെന്നാണ് വിശദീകരണം. 2015 മേയ് 15ന് ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്ത, പയ്യാമ്പലത്തെ കുട്ടികളുടെ പാർക്കിന്റെയും കടലോര നടപ്പാതയുടെയും ശിലാഫലകം മാറ്റിയാണ് പുതിയതു സ്ഥാപിച്ചത്. അത് കാണാനില്ലെന്നും, ഒരു മൂലയിലേക്ക് മാറ്റിയെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു. 2022 മാർച്ച് 6ന് പാർക്കും നടപ്പാതയും നവീകരിച്ചതു മന്ത്രി റിയാസ് ഉദ്ഘാടനം ചെയ്തു എന്നതാണു പുതിയ ഫലകത്തിലുള്ളത്.
Read more
പാർക്കിലേക്ക് പോകുന്ന വഴിയിലാണ് ശിലാഫലകം ഉള്ളത്. പാർക്കിന് മുന്നിൽ പ്രതിഷേധിച്ച ജില്ലാ കോൺഗ്രസ് നേതാക്കൾ പഴയ ശിലാഫലകം പുതിയതിന് താഴെ വച്ചു. എടുത്തുമാറ്റിയാൽ അപ്പോ കാണാമെന്നാണ് ഇവരുടെ മുന്നറിയിപ്പ്. രണ്ട് ശിലാഫലകം സ്ഥാപിക്കാനുള്ള സ്ഥലം ഇല്ലാത്തത് കൊണ്ട് നവീകരണം നടത്തിയ കരാറുകാർ ആയിരിക്കാം പഴയത് മാറ്റിയതെന്നാണ് ഡിടിപിസി പറയുന്നത്.