മാനസികവും ശാരീരികവുമായ പോരാട്ടമായിരുന്നു, ദൃശ്യം 3 ക്ലൈമാക്സ് എഴുതി പൂർത്തിയാക്കിയതായി ജീത്തു ജോസഫ്

മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ ദൃശ്യം 3 സിനിമയ്ക്കായി വലിയ ആകാംക്ഷകളോടെ കാത്തിരിക്കുകയാണ്  സിനിമാപ്രേമികൾ. ദൃശ്യത്തിന്റെ ആദ്യ രണ്ട് ഭാ​ഗങ്ങൾ മികച്ച സിനിമാനുഭവമാണ് പ്രേക്ഷകർക്ക് നൽകിയത്. വിവിധ ഭാഷകളിൽ സിനിമ പിന്നീട് റീമേക്ക് ചെയ്യപ്പെട്ടു. മലയാളികളെ പോലെ തന്നെ മറ്റുഭാഷക്കാരും ദൃശ്യത്തിന്റെ അടുത്ത ഭാ​ഗത്തിനായുളള കാത്തിരിപ്പിലാണ്. മൂന്നാം ഭാ​ഗം പ്രഖ്യാപിച്ചതുമുതൽ‌ എന്താവും ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും പുതിയ കഥയെന്ന് ഉറ്റുനോക്കുകയാണ് എല്ലാവരും.

അതേസമയം ദൃശ്യം 3യുടെ ഫസ്റ്റ് ഡ്രാഫ്റ്റ് ക്ലൈമാക്സ് എഴുതി പൂർത്തിയാക്കിയതായി അറിയിച്ചിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. മാനസികവും ശാരീരികവുമായുള്ള പോരാട്ടമായിരുന്നു അതെന്ന് മൂവാറ്റുപുഴ നിർമല കോളേജിൽ ഫിലിം ആന്റ് ഡ്രാമ ക്ലബിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവേ ജീത്തു ജോസഫ് പറഞ്ഞു.

Read more

“ഇന്നലെ രാത്രിയാണ് ഞാൻ ദൃശ്യം 3യുടെ ക്ലൈമാക്സ് എഴുതി ക്ലോസ് ചെയ്തത്. ഇത്രയും നാളും അതിന്റെ ടെൻഷനിലായിരുന്നു. കാരണം മിറാഷ് എന്ന ആസിഫ് അലി പടത്തിന്റെ ഷൂട്ട്, വലതുവശത്തെ കള്ളൻ പടത്തിന്റെ പരിപാടി. എല്ലാ ദിവസവും രാവിലെ മൂന്നരയ്ക്ക് എഴുന്നേറ്റ് എഴുതും. മാനസികമായും ശാരീരികമായുമുള്ള പോരാട്ടമായിരുന്നു. പക്ഷേ ഇന്നലെ ആ റിലീഫ് കിട്ടി. ഇവിടെ മ്യൂസിക് ഇട്ടപ്പോൾ ദൃശ്യം ഒന്നും രണ്ടും മൂന്നും ഇങ്ങനെ മനസിലൂടെ പോകുകയായിരുന്നു. അത് വല്ലാത്തൊരു ഫീലാണ്”, ജീത്തു ജോസഫ് കൂട്ടിച്ചേർ‌ത്തു .