രജനികാന്ത് ചിത്രം കൂലിയുടെതായി പുറത്തിറങ്ങിയ മോണിക്ക പാട്ട് സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഗാനരംഗത്തിൽ പൂജ ഹെഗ്ഡെയ്ക്കൊപ്പം മലയാളികളുടെ പ്രിയ താരം സൗബിൻ ഷാഹിറും ഡാൻസ് ചെയ്ത് എല്ലാവരെയും ഞെട്ടിച്ചു. 16 മില്യണിലധികം കാഴ്ചക്കാരെയാണ് ഇതിനോടകം കൂലിയിലെ പാട്ടിന് യൂടൂബിൽ ലഭിച്ചിരിക്കുന്നത്. മോണിക്ക ഗാനരംഗത്തിൽ സൗബിനൊപ്പം പ്രവർത്തിച്ച അനുഭവം പങ്കുവയ്ക്കുകയാണ് പൂജ ഹെഗ്ഡെ. കൂലി അണിയറക്കാർ പുറത്തുവിട്ട പാട്ടിന്റെ മേക്കിങ് വീഡിയോയിലാണ് സൗബിനെ പുകഴ്ത്തികൊണ്ട് പൂജ സംസാരിച്ചത്.
മോണിക്ക പാട്ടിലെ സൗബിന്റെ പ്രകടനം അദ്ദേഹത്തിന് മാത്രം സാധിക്കുന്ന ഒന്നാണെന്ന് പൂജ അഭിപ്രായപ്പെട്ടു. കൂടാതെ മറ്റാർക്കുമില്ലാത്ത സ്റ്റൈലാണ് സൗബിനുളളതെന്നും പൂജ വീഡിയോയിൽ പറഞ്ഞു. ഡാൻസ് കൊറിയോഗ്രാഫർ സാൻഡി മാസ്റ്ററും സൗബിനെ പ്രത്യേകം പരാമർശിക്കുന്നുണ്ട്. കൂലിയിൽ ദയാൽ എന്ന കഥാപാത്രമായാണ് സൗബിൻ എത്തുന്നത്.
അനിരുദ്ധ് രവിചന്ദർ ഒരുക്കിയ മോണിക്ക സോങ് നേരത്തെ ട്രെൻഡിങ് ലിസ്റ്റിൽ ഇടംപിടിച്ചിരുന്നു. ഓഗസ്റ്റ് 14നാണ് കൂലി ലോകമെമ്പാടുമുളള തിയേറ്ററുകളിലേക്ക് എത്തുന്നത്. പീരിയഡ് ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലറായാണ് ലോകേഷ് കനകരാജ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. ആമിർ ഖാൻ, നാഗാർജുന, ഉപേന്ദ്ര തുടങ്ങിയ സൂപ്പർതാരങ്ങളും ചിത്രത്തിലുണ്ട്. ശ്രുതി ഹാസനാണ് നായികയായി എത്തുക. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് രജനി ചിത്രത്തിന്റെ നിർമാണം.