മര്യാദക്കിരുന്നോ, നിങ്ങളുടെ കൂമ്പ് കലക്കും' ആലുവയില്‍ വീണ്ടും യൂട്യൂബര്‍ ഓട്ടോ തൊഴിലാളി സംഘര്‍ഷം; പൊലീസ് കേസെടുത്തു

ആലുവയില്‍ ഓട്ടോ തൊഴിലാളികളും യൂട്യൂബര്‍മാരുമായി സംഘര്‍ഷം. പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് ഓട്ടോ തൊഴിലാളികള്‍ പറഞ്ഞു. നേരത്തെ കുട്ടികളോട് യൂട്യൂബര്‍ അശ്ലീല ചോദ്യം ചോദിച്ചതിന് ഓട്ടോ തൊഴിലാളികളുമായി വാക്കുതര്‍ക്കം ഉണ്ടാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയുടെ ഭാഗമായാണ് ഇന്നലെ വീണ്ടും സംഘര്‍ഷം ഉണ്ടായത്.

മദ്യപിച്ചെത്തിയാണ് യുട്യൂബര്‍മാര്‍ ഓട്ടോക്കാരെ ആക്രമിച്ചത്. പരിക്കേറ്റ ഓട്ടോ തൊഴിലാളികള്‍ ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ വൈകിട്ട് 4.30നാണ് ആലുവ മെട്രോ സ്‌റ്റേഷന് സമീപത്താണ് യുട്യൂബര്‍മാര്‍ അഴിഞ്ഞാടിയത്. അക്രമത്തിന് നേതൃത്വം നല്‍കിയത് അനക് ഡോട്ട് കോം നടത്തിപ്പുകാരനായ ധനഞ്ജയും മെമ്പേഴ്ചിപ്പ് മീഡിയാ നടത്തിപ്പുകാരനും സംഘം ചേര്‍ന്നാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്ന് ഓട്ടോ തൊഴിലാളികള്‍ പറഞ്ഞു.

നേരത്തെ സമാനമായ സംഭവം കൊച്ചിയിലുണ്ടായിരുന്നു. അന്ന് യുട്യൂബ് ചാനല്‍ അവതാരകയെയും ക്യാമറമാനെയും ഓട്ടോ തൊഴിലാളികള്‍ മര്‍ദ്ദിച്ചതായി പൊലീസില്‍ യൂട്യൂബ് ചാനല്‍ സംഘം പരാതിപ്പെട്ടിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആലുവ പൊലീസ് കേസും രജിസ്റ്റ്ര്‍ ചെയ്തിരുന്നു. ആലുവ മെട്രോ സ്റ്റേഷന്‍ പരിസരത്ത് വച്ചായിരുന്നു സംഭവം.

സ്ഫടികം സിനിമയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ അഭിപ്രായങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നതിനിടെ ഓട്ടോ തൊഴിലാളികള്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് അന്ന് യുവതി പരാതിപ്പെട്ടത്. അന്ന് നടന്ന സംഭവങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോഴുണ്ടായതെന്ന് ഓട്ടോ തൊഴിലാളികള്‍ ആരോപിക്കുന്നു. ഓട്ടോ പാര്‍ക്ക് ചെയ്യുന്നതിനെ ചോദ്യം ചെയ്ത യൂട്യൂബര്‍ അകാരണമായി മര്‍ദിക്കുകയായിരുന്നെന്നും ഇതിനെ തടയാന്‍ ശ്രമിച്ച മറ്റ് ഡ്രൈവര്‍മാരെയും ആക്രമിച്ചെന്നും ഓട്ടോ തൊഴിലാളികള്‍ ആരോപിക്കുന്നു.

സംഭവത്തില്‍ ആലുവ പൊലീസ് കേസ് എടുത്തിട്ടുണ്ട്. നാല് ഓട്ടോക്കാര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഓട്ടോക്കാരെ തെരഞ്ഞ് പിടിച്ച് ഇവര്‍ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തിയാണ് അക്രമികളെ കീഴടക്കിയത്. മര്യാദക്കിരുന്നോ, അല്ലെങ്കില്‍ നിങ്ങളുടെ കൂമ്പ് കലക്കുമെന്ന് പൊലീസ് കസ്റ്റഡിയില്‍ വെച്ചും യൂട്യൂബര്‍മാര്‍ ഓട്ടോ തൊഴിലാളികളെ ഭീഷണിപ്പെടുത്തി.