കഞ്ചിക്കോട് ഒയാസിസ് കമ്പനിക്ക് ബ്രൂവറി തുടങ്ങാന്‍ അനുമതി നല്‍കിയതിനെ നിയമസഭയില്‍ മുഖ്യമന്ത്രി ന്യായീകരിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അഴിമതി നടത്താന്‍ വേണ്ടി പിണറായി വിജയന്‍ മദ്യമാഫിയക്ക് സംസ്ഥാനത്തെ ഒറ്റുകൊടുത്തു. മദ്യ കമ്പനി തുടങ്ങാന്‍ ടെന്‍ഡര്‍ വിളിക്കേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ വാദം മടിയില്‍ കനമുള്ളത് കൊണ്ടാണ്.
മുഖ്യമന്ത്രിയും മന്ത്രി എംബി രാജേഷും പറയുന്നത് സിപിഐക്ക് പോലും മനസിലാവുന്നില്ല. നായനാരുടെ കാലം മുതല്‍ സംസ്ഥാന സര്‍ക്കാര്‍ പിന്തുടരുന്ന മദ്യനയം മന്ത്രിസഭയില്‍ പോലും ആലോചിക്കാതെ തിരുത്തിയത് എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പാലക്കാട്ടുകാരുടെ കുടിവെള്ളം മുടക്കിയിട്ട് വേണോ മദ്യപുഴ ഒഴുക്കാനെന്ന ജനങ്ങളുടെ ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി പറയണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
പിപിഇ കിറ്റ് അഴിമതിയെ ഒരു ഉളുപ്പുമില്ലാതെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണ്. ലോകം മുഴുവന്‍ വിറങ്ങലിച്ച് നിന്നപ്പോള്‍ അത് മുതലാക്കി തട്ടിപ്പ് നടത്തിയ പിണറായി വിജയനും സംഘത്തിനും കാട്ടുപോത്തിനേക്കാള്‍ വലിയ തൊലിക്കട്ടിയാണുള്ളത്. സംസ്ഥാനത്തെ ആരോഗ്യരംഗം ഇത്രയും അധപതിച്ച സമയം വേറെ ഉണ്ടായിട്ടില്ല. മെഡിക്കല്‍ കോളേജുകളില്‍ ഉള്‍പ്പെടെ അവശ്യമരുന്നുകള്‍ കിട്ടാനില്ല.
Read more
സര്‍ക്കാര്‍ ആശുപത്രികളില്‍ സിപിഎം ക്രിമിനലുകളെ അനധികൃതമായി തിരുകിക്കയറ്റി സംഘര്‍ഷ കേന്ദ്രങ്ങളാക്കി മാറ്റുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ ആയുഷ്മാന്‍ ഭാരത് കേരളത്തില്‍ അട്ടിമറിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ജീവിക്കുന്നത് തന്നെ നരകതുല്യമായ അവസ്ഥയായിരിക്കുകയാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.