ചിങ്ങവനം സ്റ്റേഷനിലെ പൊലീസുകാരുടെ തമ്മിലടി; രണ്ട് സിപിഒമാര്‍ക്ക് സസ്‌പെന്‍ഷന്‍

കോട്ടയം ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തമ്മിലടിച്ച സംഭവത്തില്‍ വകുപ്പുതല നടപടി. ചിങ്ങവനം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ സുധീഷ്, ബോസ്‌കോ എന്നിവരെ സംഘര്‍ഷത്തെ തുടര്‍ന്ന് സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു.

പൊലീസ് സ്റ്റേഷന്‍ പരിസരത്ത് ബൈക്ക് പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയ്ക്കായിരുന്നു ഇരുവരും പൊലീസ് സ്റ്റേഷനില്‍ തമ്മിലടിച്ചത്. സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ സുധീഷിന്റെ മര്‍ദ്ദനത്തില്‍ ബോസ്‌കോയുടെ തലപൊട്ടിയിരുന്നു.

പരിക്കേറ്റതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷന് പുറത്തേക്കോടിയ ബോസ്‌കോയെ പിന്നീട് പൊലീസ് വാഹനത്തില്‍ കയറ്റി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കോട്ടയം ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്കാണ് ഇരുവര്‍ക്കുമെതിരെ നടപടിയെടുത്തത്. സംഭവം പുറത്തുവന്നതിന് പിന്നാലെ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

കോട്ടയം എസ്പി ചങ്ങനാശേരി എസ്പിയ്ക്കായിരുന്നു അന്വേഷണ ചുമതല നല്‍കിയത്. അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും എസ്പി നിര്‍ദ്ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.