കേരള നിയമസഭ വീണ്ടും രാജ്യത്തിന് മാതൃകയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍

ഇ-നിയമസഭ ആപ്പിന്റെ ഒന്നാം ഘട്ടം പ്രവര്‍ത്തന സജ്ജമായതോടെ കേരള നിയമസഭ വീണ്ടും രാജ്യത്തിന് മാതൃകയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. കേരള നിയമസഭയില്‍ കൊണ്ടുവന്ന വിവിധ പരിഷ്‌കാരങ്ങളുടെ ചുവടുപിടിച്ച് മറ്റ് സംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാരും നടപടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആധുനിക സാങ്കേതികവിദ്യയുടെ വികാസത്തിനനുസരിച്ച് നിയമസഭാ നടപടിക്രമങ്ങളില്‍ വേഗതയും സുതാര്യതയും ചടുലതയും ഉറപ്പാക്കുന്നതാകും ഇ-നിയമസഭ ആപ്പ് എന്നും ‘ഇ-നിയമസഭ ആപ്പ് പുറത്തിറക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി പറഞ്ഞു. സാങ്കേതിക വിദ്യയുടെ മുന്നേറ്റത്തിനനുസരിച്ച് സര്‍ക്കാര്‍ സേവനങ്ങളും ദ്രുതഗതിയില്‍ മാറുന്നുണ്ട്.

ഇ-ഗവേണന്‍സ് നല്ല രീതിയില്‍ ശക്തിപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചു. സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനായും മൊബൈല്‍ ആപ്പ് വഴിയും ലഭ്യമാക്കാന്‍ സാധിക്കുന്നു. ഇ-നിയമസഭ ആ ഗണത്തില്‍ വരുന്ന സേവനമാണ്- മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കഴിയുന്നത്ര വേഗത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നിയമസഭാ പ്രവര്‍ത്തനങ്ങളുടെ ഗുണഫലങ്ങള്‍ ജനങ്ങള്‍ക്ക് എത്തിക്കുന്നതിന് ഇ-നിയമസഭ ഉപകരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നിയമസഭാ പ്രസംഗങ്ങള്‍, ചോദ്യങ്ങള്‍, മറുപടികള്‍, ഉപചോദ്യങ്ങള്‍, മറ്റ് രേഖകള്‍ എന്നിവ സാമാജികര്‍ക്ക് ഇ-നിയമസഭ വഴി ലഭ്യമാകും. മാധ്യമപ്രവര്‍ത്തകര്‍ക്കും നിയമസഭാ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ ലഭ്യമാക്കാന്‍ കഴിയും. ജനാധിപത്യത്തിന്റെ ഒന്നാം തൂണാണ് ലെജിസ്ലേച്ചര്‍. ജനാധിപത്യത്തിന്റെ മൂന്ന് തൂണുകളിലുമുള്ള വിശ്വാസം ജനങ്ങള്‍ക്ക് വര്‍ധിക്കുമ്പോള്‍ ജനാധിപത്യം ശക്തിപ്പെടും. സുതാര്യത, വേഗത എന്നിവയിലൂന്നി ലെജിസ്ലേച്ചര്‍ പ്രവര്‍ത്തനം ചടുലമാക്കുമ്പോള്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വര്‍ദ്ധിക്കുകയാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.