കേന്ദ്രസഹായം തേടി മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; ആവശ്യപ്പെട്ടത് 2000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്

വയനാട് പുനരധിവാസത്തില്‍ കേന്ദ്രസഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. നരേന്ദ്രമോദിയുടെ വയനാട് സന്ദര്‍ശനം കഴിഞ്ഞ് 17 ദിവസമായിട്ടും കേന്ദ്രസഹായം പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്.

തിങ്കളാഴ്ച വൈകുന്നേരം ഡല്‍ഹി കേരള ഹൗസിലെത്തിയ മുഖ്യമന്ത്രി ഇന്ന് ഉച്ചയോടെ ആയിരുന്നു പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. വയനാട് ദുരന്തത്തിന്റെ ആഘാതം വ്യക്തമാക്കുന്ന വിശദമായ റിപ്പോര്‍ട്ട് പ്രധാനമന്ത്രിയ്ക്ക് കൈമാറി. 2000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് വേണമെന്നാണ് സംസ്ഥാനത്തിന്റെ പ്രധാന ആവശ്യം.

Read more

സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ തയാറാക്കിയ വിശദമായ നിവേദനം മോദിക്ക് പിണറായി കൈമാറി. നേരത്തെ വയനാട്ടില്‍ സന്ദര്‍ശനം നടത്തിയ മോദി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പണം തടസമാകില്ല എന്ന് അറിയിച്ചിരുന്നു. എന്നാല്‍ കേരളത്തിന്റെ സാമ്പത്തിക പാക്കേജിനോടുള്ള പ്രതികരണം പുറത്തുവന്നിട്ടില്ല.