എണ്ണക്കപ്പലില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ സുരക്ഷിതരായി നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് മുഖ്യമന്ത്രിയുടെ കത്ത്

ഇറാന്‍ സൈന്യം പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലില് കുടുങ്ങിക്കിടക്കുന്ന മലയാളികളെ സുരക്ഷിതരായി നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് മുഖ്യമന്ത്രിയുടെ കത്ത്. ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലില്‍ മൂന്ന് മലയാളികള്‍ ഉണ്ടെന്ന് കഴിഞ്ഞ ദിവസമാണ് സ്ഥിരീകരണം ലഭിച്ചത്. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് അടിയന്തര സന്ദേശം നല്‍കിയത്.
ഇവരെ തിരികെയെത്തിക്കാനുള്ള നടപടികളെക്കുറിച്ചുള്ള വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരുമായിക്കൂടി പങ്കുവെയ്ക്കണമെന്നും, ഇവരുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്നും കത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കുന്നു

കപ്പലില്‍ അകപ്പെട്ട മൂന്ന് പേരും എറണാകുളം സ്വദേശികളാണ്. എറണാകുളം കളമശ്ശേരി സ്വദേശിയായ ഡിജോ പാപ്പച്ചന്‍ കപ്പലിലുണ്ടെന്ന് കപ്പല്‍ കമ്പനി ബന്ധുക്കളെ അറിയിച്ചു. ഡിജോയ്ക്ക് ഒപ്പം തൃപ്പൂണിത്തറ, പള്ളുരുത്തി സ്വദേശികളായ രണ്ട് മലയാളികളും കൂടി കപ്പലിലുണ്ടെന്നാണ് വിവരം. കപ്പലിന്റെ ക്യാപ്റ്റന്‍ എറണാകുളം സ്വദേശിയാണെന്ന് ഡിജോയുടെ അച്ഛന്‍ പാപ്പച്ചന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാല്‍, മലയാളികള്‍ കപ്പലില്‍ ഉണ്ടെന്നതിന് ഔദ്യോഗിക വിവരങ്ങളൊന്നും സര്‍ക്കാര്‍ തലത്തില്‍ ലഭിച്ചിട്ടില്ല. രണ്ട് ദിവസം മുന്‍പാണ് ബ്രിട്ടീഷ് കപ്പല്‍ അന്തര്‍ദേശീയ സമുദ്രനിയമം ലംഘിച്ചുവെന്ന് ആരോപിച്ച് ഇറാന്‍ പിടിച്ചെടുത്തത്.

അതേസമയം, കപ്പല്‍ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കപ്പലില്‍ കുടുങ്ങിയ 18 ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള നീക്കം ഊര്‍ജിതമാക്കി. ജീവനക്കാര്‍ക്ക് ഒരു പ്രയാസവും നേരിടേണ്ടി വരില്ലെന്ന് ഇറാന്‍ ഇന്ത്യക്ക് ഉറപ്പു നല്‍കിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, ജിബ്രാള്‍ട്ടറില്‍ തടഞ്ഞുവെച്ച എണ്ണ കപ്പല്‍ വിട്ടു കിട്ടാതെ ബ്രിട്ടീഷ് കപ്പല്‍ കൈമാറില്ലെന്ന സൂചനയാണ് ഇറാന്‍ നല്‍കുന്നത്. അന്തര്‍ദേശീയ സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് ഹോര്‍മുസ് കടലിടുക്കില്‍ വെച്ചാണ് ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. പതിനെട്ട് ഇന്ത്യക്കാരടക്കം 23 പേരാണ് കപ്പലിലുണ്ടായിരുന്നത്. ഇന്ത്യക്കാരെ മോചനത്തിനായി ശ്രമിക്കുകയാണെന്ന് വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു.